ബസിന് മുകളിൽ കയറി യുവാവ് പരിഭ്രാന്തി പരത്തി
text_fieldsബസിന് മുകളിൽ കയറിയ യുവാവിനെ താഴെയിറക്കുന്നു
കുറ്റിപ്പുറം: ബസിന് മുകളിൽ കയറിയ യുവാവ് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ കുറ്റിപ്പുറം-തിരൂർ റോഡിൽ മഞ്ചാടിയിലാണ് സംഭവം. സെയിൽസ് വാഹനം ഓടിക്കുന്ന തിരൂരങ്ങാടി സ്വദേശിയായ യുവാവാണ് പരിഭ്രാന്തി പരത്തിയത്. സെയിൽസ് വാഹനം റോഡിൽ നിർത്തിയ ശേഷം തിരൂർ ഭാഗത്തുനിന്ന് വരുകയായിരുന്ന ബസ് കൈകാണിച്ച് നിർത്തിയ ശേഷം യുവാവ് ബസിന് മുകളിലേക്ക് ഓടിക്കയറുകയായിരുന്നു.
ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി. ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് യുവാവിനെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ കുറ്റിപ്പുറം പൊലീസെത്തിയാണ് താഴെയിറക്കിയത്. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. യുവാവിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പറയുന്നത്.

