മെഡിക്കൽ കോളജ് കെട്ടിടത്തിന്റെ ജനൽ കാറ്റിൽ അടർന്നുവീണു
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജ് കെട്ടിടത്തിന്റെ ജനൽ കാറ്റിൽ അടർന്നുവീണു. ക്ലാസ് മുറിയിലുണ്ടായിരുന്ന രണ്ടു നഴ്സിങ് വിദ്യാർഥിനികൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് 3.45ഓടെയാണ് അപകടം. ഒന്നാംനിലയിലെ ഫിസിയോളജി ഹാളിലെ ഇരുമ്പ് ജനലാണ് താഴേക്കു വീണത്. ഒന്നാം വർഷ ബി.എസ് സി നഴ്സിങ് വിദ്യാർഥിനികളായ ബി. ആദിത്യ, പി.ടി. നയന എന്നിവർക്കാണ് പരിക്കേറ്റത്. തലക്കു മുറിവേറ്റ ഇരുവരെയും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് കോളജ് അധികൃതർ പറഞ്ഞു.
നഴ്സിങ് കോളജിന് സ്വന്തം കെട്ടിടമില്ലാത്തതിനാൽ ഈ കെട്ടിടത്തിലെ ക്ലാസ് മുറികളാണ് നഴ്സിങ് വിദ്യാർഥികളുടെ പഠനത്തിനായി ഉപയോഗിക്കുന്നത്. 10 വിദ്യാർഥികൾ ലാബിൽ പോയ സമയം മറ്റു വിദ്യാർഥികൾ ഹാളിലിരിക്കുമ്പോഴാണ് അപകടം. കലക്ടർ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് (ഡി.എം.ഇ) എന്നിവർക്ക് റിപ്പോർട്ട് നൽകുമെന്ന് പ്രിൻസിപ്പൽ ഡോ. കെ.കെ. അനിൽ രാജ് പറഞ്ഞു.
കോളജിൽ ഇപ്പോൾ മൂന്ന് ബാച്ച് വിദ്യാർഥികളുണ്ട്. നവംബറിൽ നാലാം ബാച്ചുകൂടി എത്തുന്നതോടെ വിദ്യാർഥികളുടെ എണ്ണം 240 ആകും. നിലവിലുള്ള 180 പേർക്ക് പഠിക്കാൻതന്നെ ക്ലാസ് മുറികളില്ല. മെഡിക്കൽ കോളജിലെ ഒരു ക്ലാസ് മുറി ഉപയോഗപ്പെടുത്തിയാണ് പഠനം മുന്നോട്ടുപോകുന്നത്. ഇതിനിടയിലാണ് അപകടം ഉണ്ടായത്. 15 വർഷം മുമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കായാണ് ഈ കെട്ടിടം നിർമിച്ചത്. എന്നാൽ, മെഡിക്കൽ കോളജാക്കി ഉയർത്തിയതോടെ കുട്ടികളുടെ പഠനമുറികളും മറ്റുമായാണ് കെട്ടിടം ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

