തേർക്കയം പാലത്തിനുള്ള കാത്തിരിപ്പ് നീളുന്നു
text_fieldsതിരൂരങ്ങാടി: നഗരസഭയെയും വേങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കരിമ്പിൽ കാച്ചടി തേർക്കയം പാലം പുനർനിർമാണവുമായി ബന്ധപ്പെട്ട് ഒമ്പത് കോടി രൂപയുടെ എസ്റ്റിമേറ്റ് സർക്കാറിലേക്ക് സമർപ്പിച്ചിട്ടും ഭരണാനുമതി ലഭിച്ചിട്ടില്ലെന്ന് വിവരവകാശ രേഖ. തേർക്കയം പാലത്തിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കക്കാട് കരിമ്പിൽ സ്വദേശിയും പൊതുപ്രവർത്തകനുമായ ടി.പി. ഇംറാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും കലക്ടർക്കും പരാതി നൽകിയിരുന്നു.
തുടർ നടപടി അറിയുന്നതിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയപ്പോഴാണ് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഇംറാന് രേഖാമൂലം മറുപടി നൽകിയത്. 2018ലെ പ്രളയത്തിൽ പാലത്തിന് ബലക്ഷയം സംഭവിച്ചിരുന്നു.
രണ്ടാം പ്രളയത്തിൽ കൂടുതൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് പൂർണമായും ഗതാഗത നിരോധിച്ചു. സംസ്ഥാന ബജറ്റിൽ മൂന്ന് പ്രാവശ്യം പരാമർശം വന്നെങ്കിലും നിർമാണം തുടങ്ങിയില്ല. വലിയോറ, വേങ്ങര ഭാഗത്തുള്ളവർക്ക് ഗതാഗത കുരുക്കില്ലാതെ തിരൂരങ്ങാടി താലൂക്ക് ആസ്ഥാനത്തേക്കും റെയിൽവേ സ്റ്റേഷനിലേക്കും തിരൂരങ്ങാടി ഭാഗത്തുള്ളവർക്ക് മലപ്പുറം ഭാഗത്തേക്കും വേഗത്തിൽ എത്തിപ്പെടാൻ പാലം അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

