വിമാനക്കാഴ്ചകളിലേക്ക് വിലക്ക് മറന്ന് സഞ്ചാരികൾ
text_fieldsബംഗളത്തുമാടിൽ വിലക്ക് ലംഘിച്ചെത്തിയ സന്ദർശകർ
പള്ളിക്കൽ: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനങ്ങൾ പറന്നിറങ്ങുന്നതും പറന്നുയരുന്നതും വളരെ അടുത്ത് നിന്ന് കാണാൻ സാധിക്കുന്നതിനാൽ അപകട മുന്നറിയിപ്പ് അവഗണിച്ചും ബംഗളത്തുമാടിലേക്ക് സന്ദർശകരെത്തുന്നു.
വിമാനത്താവള റൺവേയുടെ പടിഞ്ഞാറുള്ള ബംഗളത്തുമാട് പ്രദേശത്തെ വ്യു പോയിന്റിൽ നിന്നാൽ വിമാനങ്ങൾ പറന്നിറങ്ങുന്നതും പറന്നുയരുന്നതും വളരെ വ്യക്തമായി കാണാം. ഇതാണ് ജില്ലക്കകത്തും പുറത്തും നിന്ന് ജനങ്ങൾ കുടുംബസമേതം അപകട ഭീഷണി അവഗണിച്ചെത്താൻ കാരണം.
കഴിഞ്ഞ മഴക്കാലത്ത് ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. നൂറടിയിയിലധികം താഴ്ചയുള്ള ഈ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുണ്ട്. ഇതേ തുടർന്നാണ് പഞ്ചായത്ത് ദുരന്ത നിവാരണ സമിതി പ്രദേശം സന്ദർശക നിരോധിത മേഖലയായി പ്രഖ്യാപിച്ചത്.
എന്നിട്ടും ഫലം കാണാത്തതിനാൽ സന്ദർശകരെ വിലക്കി പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അധികൃതർ ഇവിടെ ബോർഡും സ്ഥാപിച്ചിരിക്കുകയാണ്. അപകട സാധ്യത മേഖലയായതിനാൽ ജില്ല കലക്ടറും മുമ്പ് ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് കരിപ്പൂർ പൊലീസും താലൂക്ക് ദുരന്തസേന വളന്റിയർമാരും ഇവിടങ്ങളിൽ നിരീക്ഷണം നടത്തിയിരുന്നു. എന്നാൽ വിദൂര സ്ഥലങ്ങളിൽ നിന്നുപോലും സന്ദർശകരെത്തുന്ന സ്ഥിതിയാണിപ്പോഴും.
രാത്രി വൈകിയും ഇവിടെ സന്ദർശകർ പതിവാണെന്ന് പള്ളിക്കൽ പഞ്ചായത്ത് അധികൃതർ പറയുന്നു. ഇവിടെ അനാശ്യാസ പ്രവർത്തനങ്ങൾ നടക്കുന്നതായും ആക്ഷേപമുണ്ട്. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് പഞ്ചായത്ത് സന്ദർശനം നിരോധിച്ചതെന്നും ജനങ്ങൾ സഹകരിക്കണമെന്നും പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. അബ്ബാസ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

