ആർക്കും ഉറപ്പുപറയാനാവാത്ത വള്ളുവനാടൻ തുരുത്ത്
text_fieldsപെരിന്തൽമണ്ണ: വള്ളുവനാടിന്റെ സിരാകേന്ദ്രമാണ് പെരിന്തൽമണ്ണ. കേരളപ്പിറവിക്ക് മുമ്പേ കമ്യൂണിസ്റ്റ് പാർട്ടിക്ക് വേരോട്ടം കിട്ടിയ മണ്ണ്. മണ്ഡലം ഇന്നത്തെ രൂപത്തിലാവും മുമ്പ് 1957ലെ പ്രഥമ നിയമസഭ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ പി. ഗോവിന്ദൻ നമ്പ്യാരും 60ൽ ഇ.പി ഗോപാലനും 67ൽ മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയും തെരഞ്ഞെടുക്കപ്പെട്ട മണ്ഡലം. പിന്നീട് രണ്ടു തവണ മുസ്ലിം ലീഗിലെ കെ.കെ.എസ്. തങ്ങൾ. അതു കഴിഞ്ഞ് 1980 മുതൽ 2001 വരെ ആറുതവണ ലീഗിലെ നാലകത്ത് സൂപ്പിയും പ്രതിനിധീകരിച്ചു. പക്ഷേ, 2006 മുതൽ 2011 വരെ സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം വി. ശശികുമാറിന് ഒറ്റത്തവണ വഴിമാറി. ലീഗിലെ പി. അബ്ദുൽ ഹമീദാണ് അന്നിവിടെ തോറ്റത്. അത് കഴിഞ്ഞ് 2011, 2016, 2021 വർഷങ്ങളിൽ വീറുറ്റ പോരാട്ടങ്ങളിൽ വീണ്ടും ലീഗ് അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത ഊഴം ആർക്കെന്നതാണ് ഇനി ചോദ്യം.
പെരിന്തൽമണ്ണ നഗരസഭയും മേലാറ്റൂർ, വെട്ടത്തൂർ, ആലിപ്പറമ്പ്, താഴേക്കോട്, ഏലംകുളം, പുലാമന്തോൾ എന്നീ ആറു ഗ്രാമപഞ്ചായത്തുകളും ചേർന്നതാണ് മണ്ഡലം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും യു.ഡി.എഫ് ഭരണമായി. പക്ഷേ, ഇപ്പോഴും ഇടതുപക്ഷം പ്രതീക്ഷ വെക്കുന്ന മണ്ഡലമാണിത്. യു.ഡി.എഫിന്റെ വോട്ട് നിലയിൽ വൻ വ്യത്യാസം വന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ അനുഭവം. പെരിന്തൽമണ്ണ നഗരസഭയിലും ആറു ഗ്രാമപഞ്ചായത്തുകളിലുമായി യു.ഡി.എഫിന് 96,206 വോട്ടായി. എൽ.ഡി.എഫ് 79,373ൽ ഒതുങ്ങി. എൻ.ഡി.എക്ക് 4538 വോട്ടാണ്. യു.ഡി.എഫിന് 16,833 വോട്ടിന്റെ ഭൂരിപക്ഷം. 2001ലെ നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വർധിച്ചത് 2881 വോട്ടാണെങ്കിൽ യു.ഡി.എഫിന് കൂടിയത് 19,676 വോട്ടാണ്. വർധിച്ച വോട്ട് ബലത്തിൽ മണ്ഡലം യു.ഡി.എഫിന് സുരക്ഷിത കേന്ദ്രമാണെന്ന വിശ്വാസത്തിലാണവർ.
പെരിന്തൽമണ്ണ നഗരസഭയിൽ മാത്രം 4941 വോട്ട് അധികം നേടി സി.പി.എമ്മിൽ നിന്ന് നഗരസഭ പിടിച്ചെടുക്കുകയും ചെയ്തു. പെരിന്തൽമണ്ണക്ക് പുറമെ പുലാമന്തോൾ, ഏലംകുളം, താഴേക്കോട്, മേലാറ്റൂർ എന്നീ പഞ്ചായത്തുകളും യു.ഡി.എഫ് പിടിച്ചെടുത്തു. ആലിപ്പറമ്പ്, വെട്ടത്തൂർ എന്നിവിടങ്ങളിൽ ഭരണം നിലനിർത്തുകയും ചെയ്തു. ഒരു കാലത്തും ഇല്ലാത്ത വിധമാണ് മുന്നേറ്റം.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നജീബ് കാന്തപുരം എം.എൽ.എ തെരെഞ്ഞെടുക്കപ്പെട്ടത്. കോവിഡ് കാലത്ത് വീടുകളിൽ എത്തി ഉദ്യോഗസ്ഥർ വായോധികരെ കൊണ്ടും രോഗികളെ കൊണ്ടും ചെയ്യിപ്പിച്ച സ്പെഷൽ തപാൽ വോട്ടിൽ ഒപ്പും സീലുമില്ലാതെ 348 വോട്ട് അസാധുവാക്കിയതാണ് ഈ മണ്ഡലത്തിലെ മൂന്നു വർഷം നീണ്ടുനിന്ന തർക്കം. ഇത് കോടതി തീർപ്പാക്കിയതാണ്.പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ വൻ ഭൂരിപക്ഷം യു.ഡി.എഫ് നേടാറുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ട ഈ മുന്നേറ്റം ആദ്യമാണ്. അതേസമയം, പെരിന്തൽമണ്ണ മണ്ഡലം സി.പി.എമ്മിന് അത്ര വിദൂരമല്ല.
ജില്ലയിൽ സി.പി.എമ്മിന് കൂടുതൽ അംഗബലമുള്ള രണ്ടു തുരുത്തുകളാണ് പൊന്നാനിയും പെരിന്തൽമണ്ണയും. 1957 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ ആ പ്രതാപം കണ്ടതാണ്. മണ്ഡലപുനർവിഭജനത്തിന് ശേഷമാണ് യു.ഡി.എഫിന് വിജയത്തുടർച്ച വന്നത്. വി. ശശികുമാർ 2011 ലും 2016 ലും കനത്ത മൽസരമാണ് നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കൈവിട്ടുപോയാലും പെരിന്തൽമണ്ണ നഗരസഭ, ഏലംകളം, പുലാമന്തോൾ പഞ്ചായത്തുകൾ നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങളെ തുണക്കുമെന്ന വിശ്വാസത്തിലാണ് സി.പി.എം. യു.ഡി.എഫിന് വോട്ടുബലം നേടിക്കൊടുക്കുന്നതാണ് താഴേക്കോടും ആലിപ്പറമ്പും വെട്ടത്തൂരും. ഇത്തവണ എല്ലാ ഘടകങ്ങളും പരിഗണിച്ചാവും ഇവിടെ ഇടതിന്റെ സ്ഥാനാർഥി നിർണയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

