ചെട്ടിയാർമാട് ജങ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പാകിയ തറ സർവകലാശാല പൊളിച്ചുനീക്കി
text_fieldsചേലേമ്പ്ര: ദേശീയപാത ചെട്ടിയാർമാട് ജങ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം പണിയാനായി സ്ഥാപിച്ച തറ കാലിക്കറ്റ് സർവകലാശാല അധികൃതർ പൊളിച്ചുനീക്കി. അൽപം ഭാഗം സർവകലാശാല ഭൂമിയിലേക്ക് കയറിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ബസ് സ്റ്റോപ്പ് നിർമാണത്തിനായി തറ പാകിയത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. മഴയത്തും പൊരി വെയിലത്തും ബസ് കാത്തിരിക്കേണ്ട ഗതികേടിലാവും യാത്രക്കാർ. സർവകലാശാല അധികൃതരുടെ നടപടിയിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്.
നാട്ടുകാർ വിട്ടുകൊടുത്ത സ്ഥലത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം പണിയുന്നതിനുള്ള സ്ഥലം പോലും നൽകാൻ സർവകലാശാല തയാറാവാത്തത് കടുത്ത അനീതിയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ജനകീയ ആവശ്യമായ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കിയ നടപടി പ്രതിഷേധാർഹവും ജനങ്ങളോടുള്ള വെല്ല് വിളിയുമാണെന്ന് ചേലേമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ. റഫീഖ് പറഞ്ഞു. ഒലിപ്രം കടവ്, വള്ളിക്കുന്ന്, പരപ്പനങ്ങാടി, കോട്ടക്കടവ്, കടലുണ്ടി, ചാലിയം ഭാഗങ്ങളിലേക്കുള്ള യാത്രക്കാരാണ് ഇവിടെ ബസിനായി കാത്തിരിക്കുന്നത്. മഴ പെയ്താൽ കയറി നിൽക്കാൻ പോലും ഇവിടെ സ്ഥലമില്ല.
യാത്രക്കാരുടെ പ്രയാസം മനസിലാക്കി പ്രദേശത്തെ വാട്സ് ആപ്പ് കൂട്ടായ്മയായിരുന്നു നിർമാണം തുടങ്ങിയിരുന്നത്. എന്നാൽ, സർവകലാശാല ഇടപെട്ട് നിർമാണം മാസങ്ങൾക്ക് മുമ്പ് തടഞ്ഞിരുന്നു. തുടർന്നാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ തറ ഭാഗങ്ങൾ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

