കണ്ണീർ കുളം....
text_fieldsവേങ്ങര: പറപ്പൂർ വീണാലുക്കലിൽ പൊതുകുളത്തിൽ മുങ്ങി മരിച്ച മാതാവും രണ്ട് മക്കളും നാടിന്റെ കണ്ണീരായി. കുളത്തിൽ ഒരാളെ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടതിനെ തുടർന്ന് ഇത് വഴി വന്ന ഇതര സംസ്ഥാന തൊഴിലാളി പരിസരവാസികളെ അറിയിക്കുകയായിരുന്നു. ഇവർ നടത്തിയ തിരച്ചിലിലാണ് മകളെ കുളിക്കടവിനോട് ചേർന്ന് പൊങ്ങിക്കിടക്കുന്ന നിലയിലും ഉമ്മയെയും മകനെയും കടവിൽ അൽപം മാറി മുങ്ങിയ നിലയിലും കണ്ടെത്തിയത്.
രണ്ടര മണിയോടെ വീട്ടിൽനിന്ന് അലക്കാനും കുളിക്കാനുമായി പുറപ്പെട്ട ഉമ്മയെയും സഹോദരങ്ങളെയും ഏറെ നേരമായിട്ടും കാണാതായതിനെ തുടർന്ന് വീട്ടിലുണ്ടായിരുന്ന ഇളയ മകൻ മുഹമ്മദ് ഫാസിൽ (19) കുളക്കടവിലേക്ക് അന്വേഷിച്ചു എത്തിയപ്പോഴാണ് മൂവരും അപകടത്തിൽപെട്ടതായി നാട്ടുകാർക്ക് മനസിലാവുന്നത്. ശേഷം നാട്ടുകാർ കുളത്തിൽ മുങ്ങി പരിശോധന നടത്തിയപ്പോൾ ഉമ്മയുടെയും മകൻന്റെയും മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. ഏകദേശം 20 മീറ്ററോളം നീളവും 10 മീറ്റർ വീതിയുമാണ് കുളത്തിനുള്ളത്.
രണ്ട് ആൾ പൊക്കത്തിലധികം വെള്ളവുമുണ്ട് . മധുര സ്വദേശിയായ മൊയ്തീനും ഇരിങ്ങല്ലൂരുകാരിയായ സൈനബയും ദീർഘകാലമായി കുടുംബ സമേതം കണ്ണൂരിലായിരുന്നു താമസിച്ചിരുന്നത്. പിന്നീടാണ് പറപ്പൂരിൽ വരുന്നതും മൊയ്‌തീൻ മരണപ്പെടുന്നതും. ഭർത്താവിന്റെ മരണശേഷം വീട്ടുജോലി ചെയ്താണ് സൈനബ കുടുംബം പോറ്റിയിരുന്നത്. പറപ്പൂർ ഐ.യു ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ് മരിച്ച മകൾ ഫാത്തിമ ഫാസീല. സൈനബയുടെ ഇളയ മകനായ മുഹമ്മദ് ഫാസിൽ 19 മാത്രമാണ് ഇനി കുടുംബത്തിൽ. തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് വീണാലുക്കൽ ജുമാ മസ്ജിദിൽ ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

