സങ്കടക്കടൽ ബാക്കി; കുട്ടിക്കൊമ്പൻ ഇനി കോന്നിയുടെ 'കുസൃതി'
text_fieldsവനപാലകരുടെ കൺമണിയായ കുട്ടിക്കൊമ്പൻ മണികണ്ഠൻ
നിലമ്പൂര്‍: വഴിക്കടവ് കാരക്കോട് അട്ടിവനത്തിൽ അമ്മയാന ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കുട്ടിക്കൊമ്പനെ കോന്നിയിലെ ആനവളർത്തു കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് റാപ്പിഡ് റെസ്പോൺസ് ടീമിെൻറ വാഹനത്തിൽ ഇവിടെനിന്ന് പുറപ്പെട്ടത്. ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സത്യെൻറ മേൽനോട്ടത്തിലാണ് സുരക്ഷിത യാത്ര ഒരുക്കിയത്.
നെല്ലിക്കുത്ത് ഫോറസ്റ്റ് ഔട്ട് പോസ്റ്റിലെ ക്വാര്‍ട്ടേഴ്സിലാണ് ആനക്കുട്ടിയെ വനപാലകർ ഓമനയായി വളർത്തിയിരുന്നത്. ഒന്നര മാസമായിരുന്നെങ്കിലും കുട്ടിക്കുറുമ്പൻ വനപാലകരുടെ കുസൃതിക്കുടുക്കയായിരുന്നു. മണികണ്ഠനെന്ന് പേരിട്ട ആനക്കുട്ടി വനപാലകരുടെ പരിചരണത്തിൽ പൂർണ ആരോഗ്യവാനാണ്.
മാർച്ച് 13നാണ് പുത്തരിപ്പാടം വനാതിർത്തിയിൽ കൂട്ടംതെറ്റിയ ആനക്കുട്ടിയെ കണ്ടെത്തിയത്. അമ്മയാനയെ കണ്ടെത്തി കൂടെ വിടാനായിരുന്നു വനപാലകരുടെ ആദ്യശ്രമം. ഒരാഴ്ച ശ്രമിച്ചിട്ടും ഇത് വിജയിക്കാതെ വന്നതോടെയാണ് വനം ക്വർട്ടേഴ്സിലേക്ക് മാറ്റിയത്. ആരോഗ്യസ്ഥിതി വീണ്ടെടുത്തതോടെ കൂടുതൽ സുരക്ഷിതമായ കോന്നിയിലെ ആനവളർത്തു കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.