പുത്തൻകുളം നിവാസികളുടെ ദുരിതം എന്ന് തീരും?
text_fieldsദേശീയപാതയിൽ നിന്ന് മഴവെള്ളം കുത്തിയൊഴുകിയതിനെ തുടർന്ന് തകർന്ന പ്രദേശത്തെ ചുറ്റുമതിൽ
തിരൂരങ്ങാടി: ഇടതടവില്ലാതെ വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്ന ദേശീയപാതയിൽനിന്ന് മഴവെള്ളം കുത്തിയൊഴുകി ഒരു നാടാകെ കടുത്ത പ്രയാസം നേരിടുന്നു. തെന്നല പഞ്ചായത്തിലെ പുത്തൻകുളം പ്രദേശവാസികളാണ് ദേശീയപാതയിലെ വെള്ളം ഇറങ്ങി പരിസരമാകെ പരന്ന് കടുത്ത ഗതാഗത പ്രശ്നം നേരിടുന്നത്. കാലവർഷം കടുക്കുന്നതോടെ ഇവിടങ്ങളിലേക്കുള്ള യാത്ര അതീവ ദുസ്സഹമാകും.
പുത്തൻകുളം നിവാസികൾ പ്രശ്നപരിഹാരത്തിനായി മുട്ടാത്ത വാതിലുകളില്ല. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ദേശീയപാത അധികൃതർ എന്നിവർക്കെല്ലാം പരാതി നൽകിയെങ്കിലും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പെയ്ത കനത്ത മഴയിൽ ദേശീയപാതയിലെ വെള്ളം ഒലിച്ചിറങ്ങി പുത്തൻകുളം പ്രദേശത്താകെ പരന്നൊഴുകി ഇവിടങ്ങളിലേക്കുള്ള യാത്ര പൂർണമായും തടസ്സപ്പെട്ടിരുന്നു.
പ്രദേശത്തെ അംഗൻവാടി, മദ്റസ, ഗവ. ഹോമിയോ ഡിസ്പെൻസറി തുടങ്ങിയവയിലേക്കെല്ലാം പോകുന്ന വഴി കൂടിയാണിത്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ ദേശീയപാതയിലെ വെള്ളം ഉരുൾപൊട്ടൽ കണക്കെ ഒലിച്ചിറങ്ങിയതിനാൽ പുത്തൻകുളം പ്രദേശത്ത് നിരവധി വീടുകളിലെ ചുറ്റുമതിൽ തകരുകയും മേഖലയിൽ കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്തു.
കാലവർഷം ശക്തിപ്രാപിക്കുന്നതോടെ ഇതുവഴിയുള്ള യാത്ര അതീവ ദുസ്സഹമാകുമെന്നും തങ്ങൾ പൂർണമായി ഒറ്റപ്പെടുമെന്നുമുള്ള ആശങ്കയിലാണ് പുത്തൻകുളം പ്രദേശവാസികൾ. ദേശീയപാതയിലെ മഴവെള്ളം യഥാവിധി സർവിസ് റോഡിലേക്ക് ഇറക്കി വഴി തിരിച്ചുവിട്ടെങ്കിൽ മാത്രമേ പ്രശ്നം തീരുള്ളൂ എന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ നാട്ടുകാരുടെ പ്രശ്നത്തിന് ചെവി കൊടുക്കാൻ ദേശീയപാത അധികൃതർ ഇതുവരെ തുനിഞ്ഞിട്ടില്ല. ദേശീയപാത അധികൃതരുടെ നിസ്സംഗത തുടർന്നാൽ ശക്തമായ ജനകീയ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

