കരുളായി അത്തിക്കാപ്പിൽ കാട്ടാനയുടെ പരാക്രമം
text_fieldsകരുളായി അന്തിക്കാപ്പിൽ അലവിയുടെ വീടിന്റെ ഷെഡ് ആന തകർത്ത നിലയിൽ
കരുളായി: അത്തിക്കാപ്പിൽ രാത്രിയിറങ്ങിയ കാട്ടാനയുടെ പരാക്രമത്തിൽ വൻ നാശം. കോലോംതൊടിക അലവിയുടെ വീടിനു നേരെയാണ് കാട്ടാനയുടെ പരാക്രമം.
വീടിനു സമീപത്തെ കവുങ്ങ് തള്ളിയിട്ട് അടുക്കളയോട് ചേര്‍ന്ന് ടാര്‍പോളിന്‍ ഉപയോഗിച്ച് കെട്ടിയ ഷെഡ് തകർത്തു. വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട സ്കൂട്ടർ തകര്‍ത്തു. കിണറിനോട് ചേര്‍ന്ന മോട്ടോറിന്റെ അനുബന്ധ സാധനങ്ങളെല്ലാം കിണറ്റിലേക്ക് തള്ളിയിടുകയും പുറത്തുണ്ടായിരുന്ന കസേര തകര്‍ക്കുകയും ചെയ്തു.
ബുധനാഴ്ച പുലര്‍ച്ചയാണ് സംഭവം. വീട്ടുകാർ പുലർച്ചെ എഴുന്നേറ്റപ്പോഴാണ് സര്‍വിസ് വയറും മോട്ടോറിലേക്കുള്ള കണക്ഷനും പൊട്ടിക്കിടക്കുന്നത് കണ്ടത്. മെയിന്‍സ്വിച്ച് ഓഫാക്കിയാണ് പിന്നീട് പുറത്തിറങ്ങിയത്. പറമ്പിലേക്ക് ആനകയറുന്നത് തടയാന്‍ സ്വന്തം ചെലവില്‍ സൗരോര്‍ജ വേലി സ്ഥാപിച്ചിരുന്നുവെങ്കിലും ഇതും ആന തകർത്തു. കഴിഞ്ഞ ദിവസം മണ്ണൂരത്ത് മാത്യുവിന്റെ അഞ്ച് കവുങ്ങുകളും കാട്ടാന നശിപ്പിച്ചിരുന്നു.
കരുളായി വനത്തിലെ കല്ലേന്തോട് ഭാഗത്ത് നിന്നു പുഴകടന്നാണ് ആന ജനവാസ കേന്ദ്രത്തിലെത്തുന്നത്. നേരം ഇരുട്ടുന്നതോടെ ആനകള്‍ പറമ്പുകളിലേക്ക് വരാറുണ്ടെങ്കിലും നാട്ടുകാർ സംഘം ചേര്‍ന്ന് പടക്കംപൊട്ടിച്ച് ഓടിക്കുകയാണ് പതിവ്. ഈ സമയം ആനകള്‍ പുഴയിലെ തുരുത്തിലേക്ക് കയറുകയും ആളുകൾ മടങ്ങിയാല്‍ വീണ്ടും ജനവാസ കേന്ദ്രത്തിലേക്ക് വരികയുമാണ് ചെയ്യുന്നത്. പുഴയിലെ കാടുകൾ വെട്ടാന്‍ പലതവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
വാച്ചറെ നിയമിക്കണം -സി.പി.ഐ
കരിമ്പുഴ പ്രദേശങ്ങളിൽ പകൽ പോലും കാട്ടാന അടക്കമുള്ള വന്യമൃഗ ശല്യം രൂക്ഷമാണെന്നും ഈ പ്രദേശങ്ങളിൽ വാച്ചറെ നിയമിച്ച് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും സി.പി.ഐ കരുളായി ടൗൺ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ട. ജില്ല അസി സെക്രട്ടറി അഡ്വ. പി.പി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. കെ. മനോജ്, വി. വേലായുധൻ, കെ.ടി. സുലൈമാൻ എന്നിവർ സംസാരിച്ചു. ടി.പി. മുജീബ് സ്വാഗതവും സലൂജ നന്ദിയും പറഞ്ഞു. കെ.ടി. അലവിയെ സെക്രട്ടറിയായി സമ്മേളനം തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

