Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിലമ്പൂരിൽ അഭിമാന...

നിലമ്പൂരിൽ അഭിമാന പോരാട്ടം ഇഞ്ചോടിഞ്ച്

text_fields
bookmark_border
നിലമ്പൂരിൽ അഭിമാന പോരാട്ടം ഇഞ്ചോടിഞ്ച്
cancel
camera_alt

1. നിലമ്പൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ആര‍്യാടൻ ഷൗക്കത്ത് വഴിക്കടവിൽ പര‍്യടനത്തിൽ 2. എൽ.ഡി.എഫ് സ്ഥാനാർഥി യു. ഷറഫലി നിലമ്പൂർ നഗരസഭയിൽ പര‍്യടനത്തിൽ 3. എൻ.ഡി.എ സ്ഥാനാർഥി ഗിരീഷ് മേക്കാട് പര‍്യടനത്തിൽ

നിലമ്പൂർ: വോട്ടെടുപ്പിന് ഇനി എട്ട്നാൾ മാത്രം ബാക്കി നിൽക്കെ തേക്കിൻ നാട്ടിൽ പോരാട്ടം കടുത്തു. സിറ്റിങ് സീറ്റ് നിലനിർത്താൻ യു.ഡി.എഫ് സ്ഥാനാർഥി ആര‍്യാടൻ ഷൗക്കത്തും കൈവിട്ട സീറ്റ് തിരിച്ചുപിടിക്കാൻ എൽ.ഡി.എഫിനായി മുൻ ഇന്ത‍്യൻ ഫുട്ബാൾ ക‍്യാപ്റ്റൻ യു. ഷറഫലി കത്രിക ചിഹ്നത്തിലുമാണ് കളത്തിലിറങ്ങിയിരിക്കുന്നത്. ഏഴ് മാസം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പിൽ ലഭിച്ച പതിനായിരത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിന്‍റെ പ്രതീക്ഷ. എന്നാൽ സ്വതന്ത്ര സ്ഥാനാർഥിയായി ഉപതെരഞ്ഞെടുപ്പിൽ ഒറ്റക്ക് പോരാട്ടത്തിനിറങ്ങിയ പി.വി. അൻവർ നേടിയ 19,000 തിൽ അധികം വോട്ടുകളിലാണ് എൽ.ഡി.എഫിന്‍റെ കണ്ണ്.

ഉപതെരഞ്ഞെടുപ്പ് പോലെ തന്നെ ഇരുമുന്നണികൾക്കും അഭിമാന പോരാട്ടം തന്നെയാണ്. ഏഴുമാസത്തെ മണ്ഡലത്തിലെ തന്‍റെ വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞാണ് നാട്ടുകാരനായ ഷൗക്കത്തിന്‍റെ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് പിടുത്തം. എന്നാൽ വികസന പ്രവർത്തനങ്ങളെല്ലാം സംസ്ഥാന സർക്കാറിന്‍റെ ഭരണനേട്ടങ്ങളാണെന്ന് ഷറഫലി അവകാശപ്പെടുന്നു. അവസാന നാളുകളിലേക്ക് അടുക്കുംതോറും പോരാട്ടം ഇഞ്ചോടിഞ്ചിലേക്ക് കടന്നിരിക്കുകയാണ്.

കൺവെൻഷനുകൾ പൂർത്തീകരിച്ച് ഇരു സ്ഥാനാർഥികളും പഞ്ചായത്ത് തല പര‍്യടനത്തിലേക്ക് കടന്നിരിക്കുകയാണ്. കൊടിതോരണങ്ങളും വർണബലൂണുകളുമായി ബൈക്കുകളുടെ അകമ്പടിയോടെയാണ് പഞ്ചായത്ത് തല പര‍്യടനങ്ങൾ. സ്വീകരണ സ്ഥലങ്ങളിലുള്ളവർക്ക് കൈകൊടുത്തും അടുത്ത വീടുകളിൽ കയറിയും വോട്ട് ചോദിക്കൽ. ചുരുങ്ങിയ വാക്കുകളിലാണ് സ്ഥാനാർഥികളുടെ പ്രസംഗം. സ്ഥാനാർഥികൾ തമ്മിൽ വ‍്യക്തി പരാമാർശങ്ങളും ആരോപണങ്ങളുമില്ലാതെ തികച്ചും സൗഹൃദപരമായ മത്സരം. തദ്ദേശ തെരഞ്ഞെടുപ്പ് മത്സരങ്ങൾക്ക് പുറമെ, മൂന്ന് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ട പരിചയസമ്പത്ത് ഷൗക്കത്തിന് മുതൽക്കൂട്ടാവുന്നുണ്ട്. പിതാവ് ആര‍്യാടൻ മുഹമ്മദിനെ പോലെ ആളുകളെ പേരെടുത്ത് വിളിച്ച് കൈയിലെടുത്താണ് ഷൗക്കത്തിന്‍റെ വോട്ടഭ്യർഥന. നാട്ടുകാരനായ ഞാൻ നിങ്ങൾക്കൊപ്പമുണ്ടാവുമെന്ന ഉറപ്പും സ്ഥാനാർഥി നൽകുന്നു.

ഇന്ത‍്യൻ ഫുട്ബാളിൽ മാസ്മരിക പ്രകടനം കാഴ്ചവെച്ച ഷറഫലിയുടെത് കന്നിയങ്കമാണ്. കേരള പൊലീസിലെയും കേരള ഫുട്ബാളിലെയും ഗോൾഡൻ ബാച്ചിനെ നിലമ്പൂരിലെത്തിച്ച് പരമാവധി വോട്ടർമാരെ ആകർഷിക്കാൻ ഷറഫലിക്ക് കഴിഞ്ഞിട്ടുണ്ട്. ഐ.എം. വിജയനുൾപ്പടെയുള്ളവരെ അണിനിരത്തി വഴിക്കടവ് മുതൽ നിലമ്പൂർ വരെ കഴിഞ്ഞ ദിവസം ഷറഫലി നടത്തിയ റോഡ് ഷോ ഏറെ വിജയകരമായിരുന്നു. ഫുട്ബാളിനെ നെഞ്ചേറ്റുന്ന നിലമ്പൂർക്കാരുടെ കായിക സ്വപനങ്ങൾ സാക്ഷാത്കരിക്കുന്ന പദ്ധതികൾ കൊണ്ടുവരുമെന്ന് ഷറഫലി ഉറപ്പ് നൽകുന്നു.

എൻ.ഡി.എയുടെ സ്ഥാനാർഥിയായി ബി.ഡി.ജെ.എസിന്‍റെ ഗിരീഷ് മേക്കാടും തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമാണ്. മണ്ഡലത്തിലെ പ്രമുഖരെയും പരമാവധി ആളുകളെയും നേരിൽ കണ്ടാണ് ഗിരീഷിന്‍റെ വോട്ടുറപ്പിക്കൽ. ചോർച്ചയില്ലാതെ പരമാവധി വോട്ടുകൾ സ്വന്തം പെട്ടിയിൽ വീഴ്ത്തുകയെന്നതിലാണ് ഗിരീഷ് ശ്രദ്ധിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsKerala Assembly Election 2026Malappuram
News Summary - The pride fight in Nilambur is a close one
Next Story