തിരുനാവായയിലെ തീർഥാടകത്തോണി ഇനി പുഴയിലിറങ്ങാൻ സുമനസ്സുകൾ കനിയണം
text_fieldsതിരുനാവായ: അറ്റകുറ്റപ്പണികൾക്കായി കരയിലേക്ക് കയറ്റിയ തീർഥാടകത്തോണി ഇനി പുഴയിലിറങ്ങണമെങ്കിൽ സുമനസ്സുകൾ കനിയണം. അറ്റകുറ്റപ്പണികൾക്കായി ഒരു ലക്ഷം രൂപയോളം ചെലവ് വരുമെന്നതിനാൽ സാമ്പത്തിക പ്രതിസന്ധി കാരണം പ്രയാസത്തിലാണ്. കാലവർഷമെത്തും മുമ്പുതന്നെ തോണിയുടെ നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കേണ്ടതായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം നിർമാണം തുടങ്ങാൻ കഴിഞ്ഞില്ല.
മാസങ്ങളായി തോണി സർവിസ് നിലച്ചുപ്പോയതിനാൽ തീർഥാടകത്തോണി നയിക്കുന്ന യാഹുട്ടി സാമ്പത്തികമായി ഏറെ പ്രതിസന്ധിയിലാണ്. നിർമാണം പൂർത്തിയായാൽ കശുവണ്ടിയെണ്ണ, മീനെണ്ണ, വേപ്പെണ്ണ, പന്തം എന്നിവ ചേർത്ത് തേച്ച് പിടിപ്പിച്ച് ഒരുമാസത്തോളം കഴിഞ്ഞുവേണം തോണി പുഴയിലിറക്കാൻ. ഭാരതപ്പുഴയിൽ പേരശനൂർ മുതൽ ചമ്രവട്ടം വരെയും തൂതപ്പുഴയിലും മുങ്ങി മരണങ്ങൾ സംഭവിക്കുമ്പോൾ ആദ്യം ഓടിയെത്തുന്നത് ഈ കടത്തുതോണിയാണ്.
രണ്ട് പ്രളയ കാലത്തും നിരവധി ജീവൻ രക്ഷിച്ചതും വർഷവും നിളയിലെ തുരുത്തുകളിൽ അകപ്പെടുന്ന നിരവധി കാലികളെയും ഒഴുക്കിൽപെടുന്നവരെയും രക്ഷിച്ചത് ഈ തോണിയാണ്. മുങ്ങൽ വിദഗ്ധൻ പാറലകത്ത് യാഹുട്ടിയും ഖമറുദ്ദീൻ കൊടക്കൽ, ഹസ്സനുസ്സൻ ബീരാഞ്ചിറ, തൗഫീഖ് കടുങ്ങാത്തുകുണ്ട് എന്നിവരും നയിക്കുന്ന ഈ തോണിയാണ് നാവാമുകുന്ദ ക്ഷേത്രത്തിലെ വാവുബലിക്കെത്തുന്നവരുടെ രക്ഷക്കെത്തുന്നത്. ഖാസിം കൂട്ടായിയുടെ നേതൃത്വത്തിൽ കൂട്ടായി ഫൈസൽ ഹാജി സ്മാരക റെസ്ക്യൂ ടീമിലെ 20 ഓളം പേർ വരുന്ന രക്ഷാസേനയും അപകട സ്ഥലങ്ങളിൽ എത്തി ഈ ടീമിനൊപ്പം രക്ഷാപ്രവർത്തനം നടത്താറുണ്ട്. താനൂർ ബോട്ടപകടത്തെ തുടർന്ന് പരിസരങ്ങളിലെ കടത്തുവള്ളങ്ങളുടെ അനുമതി റദ്ദാക്കിയ കൂട്ടത്തിൽ ഡി.ടി.പി.സിയുടെ തീർഥാടകത്തോണിയും ഉൾപ്പെട്ടു.
തുടർന്ന് അനുമതി പുതുക്കാത്തതും സർവിസ് തുടരാൻ വിനയായി. മിണ്ടാപ്രാണികളടക്കം നിരവധി ജീവനുകൾക്കും തുണയാകേണ്ട ഈ തോണി പണി പൂർത്തീകരിച്ച് എത്രയും വേഗം പുഴയിലിറങ്ങേണ്ടത് നാടിന്റെ കൂടെ ആവശ്യമാണ്. കെട്ടുവള്ള നിർമാണ വിദഗ്ധനും പറവൂർ സ്വദേശിയും ആഗ്ലോ ഇന്ത്യൻ വംശജനുമായ വില്യസ് പെരേരയാണ് നിർമാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. വില്യസ് പെരേരയെ കൂടാതെ വിദഗ്ധരായ അഞ്ചോളം തൊഴിലാളികളും കൂട്ടിനുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

