നിർത്തിയിട്ട ഓട്ടോ ഉരുണ്ടിറങ്ങി; യാത്രക്കാർക്ക് രക്ഷകയായി അനഘ
text_fieldsഅനഘ ഓട്ടോറിക്ഷ പിടിച്ചുനിർത്തുന്നതിന്റെ ദൃശ്യം
ചങ്ങരംകുളം: ഉരുണ്ടിറങ്ങിയ ഓട്ടോ പിടിച്ചുനിർത്തി വിദ്യാർഥിനി രക്ഷകയായി. ചിറവല്ലൂർ നെടിയോടത്ത് സുകുമാരൻ-രജി ദമ്പതികളുടെ മകൾ അനഘയാണ് യാത്രക്കാരുടെ രക്ഷക്കെത്തിയത്. ചങ്ങരംകുളം ചെറവല്ലൂർ റോഡിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഓട്ടോറിക്ഷ നിർത്തി ഡ്രൈവർ പുറത്തിറങ്ങി പോയിരുന്നു. കുട്ടികളടക്കം യാത്രക്കാരുള്ള വാഹനം റോഡിലേക്ക് ഉരുണ്ടിറങ്ങുന്നത് അതുവഴി വന്ന വിദ്യാർഥിനിയുടെ ശ്രദ്ധയിൽപെട്ടു. തിരക്കേറിയ റോഡിന് നടുവിലേക്ക് എത്തുമ്പോഴേക്കും വിദ്യാർഥിനി വാഹനം തടഞ്ഞുനിർത്തി.
ആളുകൾ ഓടിയെത്തി വാഹനം റോഡിലേക്ക് ഒതുക്കി നിർത്തിയപ്പോഴേക്കും അനഘ സ്ഥലം വിട്ടിരുന്നു. പിന്നീട് അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നതോടെ ഈ മിടുക്കിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു നാട്ടുകാർ. അനഘ മൂക്കുതല ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. പരീക്ഷയുടെ ഹാൾ ടിക്കറ്റ് മറന്നതിനെ തുടർന്ന് അതിവേഗം വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം കാണുന്നത്.

