എടയൂർ പഞ്ചായത്തിലെ ‘പാകിസ്താൻ മുക്ക്’ ഇനി മുതൽ ‘വടക്കേക്കര’
text_fieldsഎടയൂർ മണ്ണെത്തുപ്പറമ്പിൽ സ്ഥാപിച്ച ‘വടക്കേക്കര’ എന്ന സൂചന ബോർഡ്
എടയൂർ: എടയൂർ പഞ്ചായത്തിലെ ‘പാകിസ്താൻ മുക്ക്’എന്നറിയപ്പെടുന്ന മണ്ണത്തുപറമ്പിന്റെ വടക്ക് ഭാഗം ഇനി വടക്കേക്കര എന്ന പേരിൽ അറിയപ്പെടും. ഒരു കുട്ടം ചെറുപ്പക്കാർ ഈ പ്രദേശത്ത് വടക്കേകര എന്ന സൂചന ബോർഡ് കഴിഞ്ഞ ദിവസം സ്ഥാപിച്ചു. എടയൂർ ഗ്രാമത്തിന്റെ വടക്കുഭാഗത്ത് ഉയർന്നുനിൽക്കുന്ന അതിർത്തി പ്രദേശമായതിനാലാണ് “വടക്ക് + കര”എന്ന രീതിയിൽ ഈ പേര് തെരഞ്ഞെടുത്തത്.
പഴയകാലത്ത് പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്നു മണ്ണത്തുപറമ്പ്. എടയൂർ ഗ്രാമ പഞ്ചായത്തിലെ പ്രധാന ടൗൺ കൂടിയാണ് ഇന്ന്. വ്യാപാരത്തിന്റെ ആവശ്യത്തിൽ നിന്ന്, പ്രദേശത്തെ ഗ്രാമങ്ങളെ ദിശാനുസൃതമായി തിരിച്ചറിയുന്ന പതിവ് നില നിന്നിരുന്നു. അതനുസരിച്ച് വടക്കേ മുക്ക്, കിഴക്കേമുക്ക്, പടിഞ്ഞാറെക്കര, തെക്കുമുറി എന്നീ പേരുകൾ പ്രചാരത്തിലുണ്ടായിരുന്നു. ഈ വിഭജനരീതി പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ ക്രമീകരണത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. എന്നാൽ സാമൂഹിക സാഹചര്യങ്ങളിൽ മുസ്ലിം ജനസംഖ്യ കൂടുതലായിരുന്ന ഈ പ്രദേശം നാട്ടുഭാഷ പ്രയോഗത്തിൽ “പാകിസ്ഥാൻ മുക്ക്”എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
തുടക്കത്തിൽ തമാശയായും പ്രാദേശിക പരാമർശമായും ഉപയോഗിച്ചിരുന്ന ഈ പേര് പിന്നീട് പുറത്തുനിന്ന് വഴി അന്വേഷിച്ചു വരുന്നവർക്കും യാത്രക്കാരായ അതിഥികൾക്കും പരിചിതമായി. എന്നാൽ, കാലക്രമേണ ഈ പേര് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി നാട്ടുകാർ വിലയിരുത്തി. സർക്കാർ രേഖകളിൽ വടക്കേമുക്ക്, കരുവാട്, ഓർക്കുഴി, മണ്ണാറ്റംകുഴി എന്നിവ ഉൾപ്പെട്ട ഭൂപ്രദേശങ്ങളായി രേഖപ്പെടുത്തിയിരിക്കുന്ന ഈ പ്രദേശത്തിന് ഏകീകൃതമായ തിരിച്ചറിയൽ വേണമെന്നതായിരുന്നു നാട്ടുകാരുടെ ആവശ്യം. ഇതോടെ പ്രദേശത്തെ ഒരു കൂട്ടം യുവാക്കൾ ഒരുമിച്ച് മുന്നിട്ടിറങ്ങി “വടക്കേക്കര”എന്ന പേര് നിർദേശിക്കുകയും നാട്ടിലെ മുതിർന്ന പൗരന്മാരുടെ പിന്തുണയോടെ ഔദ്യോഗികമായി പ്രയോഗത്തിൽ കൊണ്ടുവരികയും ചെയ്തു. നാടിന്റെ പ്രവേശന കവാടത്തിൽ സൂചനാ ബോർഡ് സ്ഥാപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

