കരഞ്ഞുകലങ്ങി ആലുങ്ങൽ വീട്
text_fieldsമലപ്പുറം: ഈസ്റ്റ് പാങ്ങിലെ ആലുങ്ങൽ വീട്ടിൽനിന്ന് വെള്ളിയാഴ്ച പുലർച്ച മൂന്നോടെ കളിചിരികളോടെ ഇറങ്ങിയ കുഞ്ഞു ഹിഷാമും ഉമ്മയും ഉയിരറ്റ ദേഹങ്ങളുമായി തിരികെയെത്തുക കണ്ണീർ തളംകെട്ടിയ മുറ്റത്തേക്ക്. വാൽപ്പാറയിലെ വാഹനാപകടത്തിൽ ഈ കുടുംബത്തിന് നഷ്ടമായത് രണ്ടുപേരെയാണ്. പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിലെ അധ്യാപിക സുഹ്റയും മകൻ ഹിഷാമുമാണ് വിടപറഞ്ഞത്.
സമ്മാനങ്ങളുമായി തിരികെ വരാമെന്ന് പറഞ്ഞുപോയ കുഞ്ഞനുജന്റെയും ഉമ്മയുടെയും മരണവാർത്ത ഉൾക്കൊള്ളാൻ ബിരുദ വിദ്യാർഥിനിയായ സഹോദരിക്ക് കഴിഞ്ഞിട്ടില്ല. സുഹ്റയുടെ ഭർത്താവും മഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ കുഞ്ഞുമുഹമ്മദിനും അദ്ദേഹത്തിന്റെ പിതാവിനും ഹിഷാമിന്റെ സഹോദരിക്കും ഈ സങ്കടക്കടൽ താണ്ടാൻ കഴിയണേയെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രാർഥന.
നാടിന്റെ പ്രിയപ്പെട്ട സ്കൂളായ പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പിയിലെ വിദ്യാർഥികളുടെയെല്ലാം പ്രിയ അധ്യാപികയായിരുന്നു സുഹ്റ. അവരുടെ മകനും ചെറുകുളമ്പ് കെ.എസ്.കെ.എം.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയുമായ ഹിഷാം പഠനത്തിൽ മികവ് പുലർത്തി അധ്യാപകരായ ഉപ്പയുടെയും ഉമ്മയുടെയും അഭിമാനം വാനോളമുയർത്തി. യു.എസ്.എസ് ജേതാവ് കൂടിയായ ഈ മിടുക്കന്റെ മരണം ബന്ധുക്കൾക്കൊപ്പം സഹപാഠികളെയും അധ്യാപകരെയും കണ്ണീരിലാഴ്ത്തി.
തങ്ങളുടെ പ്രിയ അധ്യാപികയെ അവസാനമായി ഒരു നോക്കുകാണാൻ ടീച്ചറുടെ പ്രിയപ്പെട്ട കുരുന്നുകളും നാട്ടുകാരും അടക്കമുള്ളവർ എത്തും. ഹിഷാമിന് വിട നൽകാൻ സഹപാഠികളും അധ്യാപകരുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

