മലയോരം പട്ടിണിയിൽ; വന്യമൃഗ ശല്യം രൂക്ഷം; പട്ടിണിയിലമർന്ന് മലയോരം
text_fieldsകടുവപ്പേടിയിൽ വിജനമായ അടക്കാകുണ്ട് അങ്ങാടി
കാളികാവ്: ഒന്നര മാസം മുമ്പ് ടാപ്പിങ് തൊഴിലാളിയെ കൊന്ന നരഭോജി കടുവയെ പിടികൂടുന്നതിന് വനം വകുപ്പിന്റെ ദ്രുതകർമ സേന നടത്തുന്ന ശ്രമങ്ങൾ വിഫലമായതോടെ ജീവിതം വഴിമുട്ടി അടക്കാകുണ്ട് പ്രദേശത്തുകാർ. കടുവ ഭീതി കാരണം ടാപ്പിങ് നടക്കാതായതോടെ തൊഴിലാളികൾക്കൊപ്പം ചെറുകിട റബർ കർഷർ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
കടുവയെ പിടികൂടുന്നതുവരെ മേഖലയിൽ തോട്ടങ്ങളിൽ പലതും ഉൽപാദനം നിർത്തിയിരിക്കുകയാണ്. എഴുപതേക്കർ, ഉമ്മച്ചൻ കാട്, പോത്തൻകാട്, മഞ്ചോല, റാവുത്തൻകാട്, രണ്ടാം ബ്ലോക്ക് തുടങ്ങിയ മേഖലയിലെ തോട്ടങ്ങളിൽ ഭാഗികമായി മാത്രമാണ് ടാപ്പിങ്ങ് നടക്കുന്നത്. മലവാരങ്ങളിൽ കവുങ്ങ്, വാഴ കൃഷി നടത്തുന്ന കർഷകരും പ്രതിസന്ധിയിലാണ്.
കമുക് തോട്ടങ്ങളിൽ മരുന്നടിക്കുന്ന സമയമാണിപ്പോൾ. എന്നാൽ കടുവ ഭീഷണിയുള്ളതിനാൽ തൊഴിലാളികളെ ജോലിക്ക് കിട്ടാത്ത സ്ഥിതിയാണ്. ടാപ്പിങ്ങിന് പോവുന്ന അപൂർവം തൊഴിലാളികൾ തന്നെ സംഘമായിട്ടാണ് ജോലിക്ക് പോവുന്നത്.
കാർഷിക - തൊഴിൽ മേഖല അടഞ്ഞതോടെ കാളികാവ് പഞ്ചായത്തിന്റെ കാർഷിക കേന്ദ്രമായ അടക്കാകുണ്ടും പരിസരങ്ങളും വറുതിയിലേക്ക് നീങ്ങുകയാണ്. കുടിയേറ്റ കർഷകരും തൊഴിലാളികളും സജീവമായിരുന്ന അടക്കാകുണ്ട് അങ്ങാടി ഇപ്പോൾ വിജനമാണ്.
ഇതോടൊപ്പം തന്നെ നാട്ടിലിറങ്ങുന്ന ആനകളും പന്നികളും കർഷകരുടെ ഉറക്കം കെടുത്തുന്നതിൽ മുന്നിലുണ്ട്. വ്യാപകമായി കൃഷി നശിപ്പിച്ച് നഷ്ടമുണ്ടാക്കിയതോടെ നിരവധി കർഷകർ കൃഷി ഉപേക്ഷിച്ചെന്ന് മാത്രമല്ല, ആനയെ പേടിച്ച് പലരും വാസസ്ഥലം വരെ വിട്ട് പോകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

