അൽപ്പം കൂളാകാം; ഉദ്ഘാടനത്തിനൊരുങ്ങി മുട്ടിപ്പടിയിലെ ശീതികരിച്ച സ്കൂൾ കെട്ടിടം
text_fieldsഉദ്ഘാടനത്തിനൊരുങ്ങിയ നഗരസഭയുടെ മേൽമുറി മുട്ടിപ്പടി ഗവ.എൽ.പി സ്കൂൾ കെട്ടിടം
മലപ്പുറം: സർക്കാർ മേഖലയിൽ ശീതികരിച്ച കെട്ടിടത്തോടുകൂടിയ മോഡേൺ ഹൈടെക് മേൽമുറി മുട്ടിപ്പടി ഗവ.എൽ.പി സ്കൂൾ നിർമാണം പൂർത്തിയായി. എട്ട് ക്ലാസ് റൂമുകൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, എച്ച്.എം റൂം തുടങ്ങി മുഴുവൻ ഭാഗവും ശീതികരിച്ചാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. പതിനായിരത്തോളം സ്ക്വയർ ഫീറ്റ് ഉള്ള ഗ്രൗണ്ട് ഫ്ലോറിന് പുറമെ ഒന്നും രണ്ടും നിലകളിലായാണ് ശീതികരിച്ച ക്ലാസ് റൂമുകൾ നിർമിച്ചത്.
ഓരോ നിലയിലും പ്യൂരിഫൈഡ് വാട്ടർ കിയോസ്കുകൾ, മുഴുവൻ ക്ലാസ് മുറികളിലും ഡിജിറ്റൽ സ്ക്രീനുകൾ, സ്കൂൾ മുഴുവനായി ഇന്റഗ്രേറ്റഡ് സൗണ്ട് സിസ്റ്റം, ക്ലാസ് റൂമിൽ പ്രവേശിക്കുന്നതിനു മുമ്പായി വിദ്യാർഥികൾക്ക് പാദരക്ഷകൾ സൂക്ഷിക്കുന്നതിന് പ്രത്യേകമായ ഷൂ റാക്കുകൾ, ഓരോ ക്ലാസ് റൂമിലും പ്രത്യേക ക്ലാസ് റൂം ലൈബ്രറികൾ തുടങ്ങി ആധുനിക സൗകര്യങ്ങളോടുകൂടിയാണ് മോഡേൺ ഹൈടെക് ഗവ. എൽ.പി സ്കൂൾ നിർമാണം പൂർത്തിയാക്കിയത്. നൂറ് വർഷത്തോളം പഴക്കമുണ്ടായിരുന്ന മേൽമുറി മുട്ടിപ്പടി സ്കൂളിന്റെ പഴയ കെട്ടിടത്തിൽ വിദ്യാഭ്യാസ വകുപ്പ് പ്രവേശനാനുമതി ഉൾപ്പെടെയുള്ളത് വിലക്കിയിരുന്നു.
തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ സ്വന്തമായി നഗരസഭ സ്ഥലം വാങ്ങിയാണ് ആധുനിക കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. സ്കൂൾ കെട്ടിടത്തിന് നഗരസഭയുടെ ഏകദേശം അഞ്ചു കോടി രൂപയാണ് ചെലവഴിച്ചത്. നിർമാണത്തിന് പി. ഉബൈദുല്ല എം.എൽ.എയുടെ ആസ്ഥിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു. കെട്ടിടം ഒക്ടോബർ 19ന് വൈകീട്ട് നാലിന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി നിർവഹിക്കും. ഉദ്ഘാടനത്തിനു മുന്നോടിയായി സാംസ്കാരിക ഘോഷയാത്രയും വൈകീട്ട് കലാസന്ധ്യയും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

