കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോ കോംപ്ലക്സിന്റെ ഒന്നാംഘട്ട നിർമാണം പൂർത്തിയായി
text_fieldsഉദ്ഘാടനം 27ന് ഓഫിസ് പ്രവർത്തനം പൂർണമായും പുതിയ കോംപ്ലക്സിലേക്ക് മാറ്റും യാത്രക്കാർക്ക് ഇരിക്കാൻ എ.സി ലോഞ്ച് പാർക്കിങ് യാർഡിന്റെ പണി പൂർത്തിയായി മലപ്പുറം: കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോ കോംപ്ലക്സിന്റെ ഒന്നാംഘട്ട നിർമാണം പൂർത്തിയായി. ഉദ്ഘാടനം ജൂൺ 27ന് വൈകീട്ട് നടക്കും. പരിപാടിയുടെ സംഘാടക സമിതി രൂപവത്കരണ യോഗം 20ന് ഡിപ്പോയിൽ ചേരും.
മേയ് മാസം അവസാനവാരം ഡിപ്പോ തുറക്കാനായിരുന്നു നീക്കമെങ്കിലും പണി പൂർത്തീകരിക്കാൻ കാലതാമസമെടുത്തതും നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഉദ്ഘാടനം നീട്ടുകയായിരുന്നു. ബസുകൾ കടന്നുവരുന്ന ഡിപ്പോ വളപ്പിൽ പൂർണമായും പൂട്ടുകട്ടകൾ വിരിച്ചു.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഓഫിസ് പ്രവർത്തനം പൂർണമായും പുതിയ കോംപ്ലക്സിലേക്ക് മാറ്റും. ബസുകൾ പാർക്ക് ചെയ്യാനുള്ള യാർഡിന്റെ പണിയും പൂർത്തിയായി. യാത്രക്കാർക്ക് ഇരിക്കാൻ എ.സി ലോഞ്ച്, ശുചിമുറികൾ എന്നിവയും ഡിപ്പോയിലുണ്ടാകും. പി. ഉബൈദുല്ല എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച രണ്ട് കോടി രൂപയും കെ.എസ്.ആർ.ടി.സി അനുവദിച്ച 90 ലക്ഷം രൂപയും ഉപയോഗിച്ചാണ് ഒന്നാംഘട്ട പ്രവൃത്തി പൂർത്തിയാക്കിയത്.
ഒന്നരവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2016 ജനുവരി രണ്ടിനായിരുന്നു മലപ്പുറം ഡിപ്പോ ടെർമിനലിന് തറക്കല്ലിട്ടത്. രണ്ടാംഘട്ട പണി ഉടൻ ആരംഭിക്കും. മണ്ണ് നീക്കൽ അടക്കം പ്രാഥമിക ജോലികൾക്കായി എം.എൽ.എ ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
ഡിപ്പോയുടെ ചുറ്റുമതിലിന്റെ പ്രവൃത്തിയും നടന്നുവരികയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം പണി പൂർത്തിയാകാൻ കാലങ്ങളെടുത്തെങ്കിലും തുറക്കുന്നതോടെ കെ.എസ്.ആർ.ടി.സിക്ക് വലിയ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. കോംപ്ലക്സിലെ 10 മുറികളും ഒരു ഹാളും ഇതിനകം വാടകക്ക് പോയി. അതിൽ നിന്നുമാത്രം മാസം ലക്ഷം രൂപയാണ് വരുമാനം പ്രതീക്ഷിക്കുന്നത്. മിഡിൽഹില്ലിൽനിന്ന് മണ്ണെടുത്ത് അണ്ടർ ഗ്രൗണ്ടിൽ പേ ആൻഡ് പാർക്ക് സംവിധാനം ഒരുക്കി വരുമാനം ഉണ്ടാക്കാനും പദ്ധതിയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.