വരുന്നു, കടലാമകളുടെ വിരുന്നുകാലം
text_fieldsവിരിഞ്ഞ കടലാമകളെ കടലിലേക്ക് തുറന്നുവിടുന്നു (ഫയൽചിത്രം), കടലാമ മുട്ടകൾ
മലപ്പുറം: ജില്ലയുടെ തീരപ്രദേശങ്ങളിൽ ഇനി കടലാമകളുടെ വിരുന്നുകാലം. മുട്ടയിടാനായാണ് കടലിൽനിന്ന് തീരങ്ങളിലേക്ക് ഇവ കയറിവരുന്നത്. ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് ഈ അപൂർവ ജീവജാലങ്ങളുടെ പ്രജനനകാലം. കടൽ ആവാസവ്യവസ്ഥ നിയന്ത്രിക്കുന്നതിലെ സുപ്രധാന പങ്കാളികളായ ഈ ജീവിവർഗം വംശനാശഭീഷണി നേരിടുന്ന ജീവികളാണ്. ആയതിനാൽ ഇവയെ 1972ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ ഷെഡ്യൂൾ ഒന്ന്, പാർട്ട് രണ്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചെമ്മീൻ, വലിയ ചെമ്മീൻ, ചൂര, പവിഴപ്പുറ്റ്, കടൽപുറ്റ് എന്നിവയുടെ നിലനിൽപ്പിന് കടലാമകളുടെ സാന്നിധ്യം അനിവാര്യമാണ്. എന്നാൽ, കുറുനരികൾ, നായ്, പരുന്ത് എന്നിവ കടലാമ മുട്ടകൾക്ക് ഭീഷണിയാണ്. മനുഷ്യരും കടലാമ മുട്ടകൾ എടുക്കുന്നു. ഇക്കാരണങ്ങളാൽ തന്നെ കടലാമ മുട്ടകൾക്ക് സംരക്ഷണമൊരുക്കാൻ ഊർജിത ശ്രമങ്ങളാണ് സാമൂഹിക വനവത്കരണ വകുപ്പ് മലപ്പുറം ഡിവിഷനും തദ്ദേശ സ്ഥാപനങ്ങളും നടത്തിവരുന്നത്.
തീരദേശ പൊലീസിന്റെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ പൊന്നാനി മുതൽ പെരുമ്പടപ്പ് വരെ ഭാഗങ്ങളിലാണ് കടലാമകളെ കൂടുതൽ കാണുന്നത്. കടൽഭിത്തികളില്ലാത്ത ഭാഗം നോക്കിയാണ് ഇവ തീരങ്ങളിലേക്ക് വരുന്നത്. ഈ മേഖലകളിൽ താൽകാലിക പ്രജനന കേന്ദ്രങ്ങൾ സ്ഥാപിച്ചാണ് കടലാമ മുട്ടകൾ സംരക്ഷിക്കുന്നത്. ശരാശരി 40 ദിവസമെടുക്കും ഇവ വിരിയാൻ. വിരിഞ്ഞയുടൻ ഇവയെ കടലിലേക്ക് തുറന്നുവിടും.
കടലാമ എന്ന ശുഭസൂചന
സമുദ്രത്തിന്റെ ആരോഗ്യത്തെയും സന്തുലിതാവസ്ഥയെയും സൂചിപ്പിക്കുന്ന കണ്ണികളാണ് കടലാമകൾ. അവയെ ‘ഇൻഡിക്കേറ്റർ സ്പീഷിസ്’ (സൂചന ജീവജാതി) ആയിട്ടാണ് പരിസ്ഥിതി ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. 2024 ഡിസംബർ 25 മുതൽ 2025 മാർച്ച് രണ്ട് വരെ 7289 മുട്ടകളാണ് ജില്ല സാമൂഹിക വനവത്കരണ ഡിവിഷന്റെ മുൻകൈയിൽ തീരങ്ങളിൽനിന്ന് ശേഖരിച്ചത്. ഇതിൽ 523 എണ്ണം കുറുനരികളും നായ്ക്കളും തിന്നു. 4654 എണ്ണം വിരിയാതെ നശിച്ചു. 2112 മുട്ടകൾ വിരിയുകയും കടലിലേക്ക് പോവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

