ജീവിതത്തിൽ നിന്ന് പടിയിറങ്ങിയത് മലപ്പുറത്തുകാരുടെ കുടുംബ ഡോക്ടർ
text_fieldsഡോ. അബ്ദുല്ലയെ മലപ്പുറം കോട്ടപ്പടി മസ്ജിദുൽ
ഫത്ത്ഹിൽ ഖതീബ് പി. മുജീബ് റഹ്മാൻ ഉപഹാരം നൽകി ആദരിക്കുന്നു (ഫയൽ ചിത്രം)
മലപ്പുറം: അരനൂറ്റാണ്ട് മുമ്പ് മെഡിക്കൽ ബിരുദം നേടി അബ്ദു ഡോക്ടർ നടന്നുകയറിയത് മലപ്പുറത്തുകാരുടെ ഹൃദയത്തിലേക്കായിരുന്നു. പിന്നാക്ക ജീവിതസാഹചര്യങ്ങളെ അതിജീവിച്ച് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ഡോ. അബ്ദുല്ല ഒരായുസ്സ് ആതുരസേവനത്തിന് നീക്കിവെച്ചു. കോട്ടപ്പടിയിലെ ജനകീയ ഡോക്ടറെന്ന് അറിയപ്പെട്ട അദ്ദേഹം മലപ്പുറത്തുകാരുടെ കുടുംബ ഡോക്ടറായിരുന്നു.
ഒരു വീട്ടിലെ രണ്ടോ മൂന്നോ പേരെ ഒരുമിച്ച് പരിശോധിച്ചാലും പലപ്പോഴും ഒരാളുടെ ഫീസ് മാത്രം വാങ്ങി. കുറേക്കാലം മൂന്നും അഞ്ചും രൂപയായിരുന്നു ഫീസ്. ഒരിക്കൽ കാണിച്ചവരെ അടുത്ത തവണ വരുമ്പോൾ പലപ്പോഴും ഫീസ് വാങ്ങാതെ ചികിത്സിച്ചു.
പാങ്ങ്, മലപ്പുറം, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ വിവിവധ കാലങ്ങളിൽ ജോലി ചെയ്തു. സർക്കാർ സർവിസിൽനിന്ന് വിരമിച്ച ശേഷവും ആതുരസേവനം തുടർന്നു. അന്തരിച്ച ഡോ. എം. അബ്ദുൽ മജീദിെൻറ സമകാലീനനായിരുന്ന അബ്ദു ഡോക്ടർ മത, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും നിറസാന്നിധ്യമായിരുന്നു.
കോഡൂർ ഐ.സി.ടി പബ്ലിക് സ്കൂൾ ചെയർമാൻ, കോട്ടപ്പടി മസ്ജിദുൽ ഫത്ത്ഹ് കമ്മിറ്റി പ്രസിഡൻറ്, മുസ്ലിം പരിപാലന സംഘം പ്രസിഡൻറ് തുടങ്ങിയ പദവികളിൽ ശോഭിച്ചു. തിരക്കുകൾക്കിടിയിലും ഖുർആൻ പഠന ക്ലാസുകളിൽ സ്ഥിരമായി പങ്കെടുത്ത് വിശുദ്ധഗ്രന്ഥത്തിലെ സൂക്തങ്ങൾ അർഥസഹിതം മനസ്സിലാക്കാനും ഇദ്ദേഹം പ്രത്യേക താൽപര്യം കാണിച്ചിരുന്നതായി സുഹൃത്തുക്കൾ അനുസ്മരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

