കാരുണ്യ വീടുകളുടെ സുരക്ഷഭിത്തി നിർമാണം നഗരസഭ തടഞ്ഞു
text_fieldsപരപ്പനങ്ങാടി: നഗരസഭയിലെ 11ാം ഡിവിഷനിൽ ഉള്ളണത്ത് ജീവകാരുണ്യ പ്രവർത്തകൻ സി.എൻ. ഇസ്മായിൽ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി നിർധന കുടുംബങ്ങൾക്ക് നിർമിച്ചുനൽകുന്ന വീടുകളുടെ സുരക്ഷിതത്വത്തിന് വേണ്ടി നടത്തുന്ന ഭിത്തിനിർമാണം തടഞ്ഞത് വിവാദമായി. അർബുദ, വൃക്കരോഗികളുള്ള അഞ്ച് നിർധന കുടുംബങ്ങൾക്കാണ് 16 സെന്‍റ് ഭൂമിയിൽ വീടുകൾ നിർമിച്ചു നൽകുന്നത്. ഭിത്തിനിർമാണം നഗരസഭ തടയാൻ ശ്രമിക്കുന്നതായി ആരോപിച്ച് എൽ.ഡി.എഫ്- ജനകീയ മുന്നണി നേതാക്കളും കൗൺസിലർമാരും സ്ഥലത്തെത്തി പ്രതിഷേധമറിയിച്ചു. എൽ.ഡി.എഫ് നേതാക്കളായ സൈതുമുഹമ്മദ്, സി.എൻ. ഗഫൂർ ഹാജി, വി.സി. ജൈസൽ, മൊയ്തീൻകുട്ടി എന്ന ബാപ്പു, അബ്ദുറഹ്മാൻ കുട്ടി, കൗൺസിലർമാരായ മെറീന ടീച്ചർ, മോഹൻദാസ്, മഞ്ജുഷ പ്രലോഷ്, കെ.സി. നാസർ കാസിം കോയ, ഗിരീഷ്, സെയ്തലവിക്കോയ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
ഉള്ളണം എടതിരുത്തിക്കടവിൽ അഞ്ചു വീടുകളുടെ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കെ വീടിനോട് ചേർന്ന് കെട്ടിയ സുരക്ഷഭിത്തിക്ക് ജലസേചന വകുപ്പിെൻറ അനുമതി ഇല്ലെന്നാരോപിച്ചാണ് ഭിത്തി പൊളിച്ചുമാറ്റണമെന്ന് നഗരസഭ അധികൃതർ ആവശ്യപ്പെട്ടത്. ഭിത്തി പൊളിച്ചുമാറ്റാൻ നഗരസഭ നോട്ടീസ് നൽകിയതോടെയാണ് എൽ.ഡി.എഫ് -ജനകീയ മുന്നണി നേതാക്കളും കൗൺസിലർമാരും രംഗത്തിറങ്ങിയത്. പുഴയോട് ചേർന്ന് ജലസേചന വകുപ്പ് നിർമിച്ച ഭിത്തി അഞ്ച് മീറ്റർ അകലെ ഉണ്ടെന്നിരിക്കെ വീടിന് സമീപം കെട്ടിയ ഭിത്തി പൊളിക്കാൻ ആവശ്യപ്പെട്ടത് രാഷ്ട്രീയ പകപോക്കലും കാരുണ്യ വീടുകളുടെ നിർമാണം തടയാനുള്ള ആസൂത്രിത നീക്കവുമാണെന്ന് ജനകീയ മുന്നണി ചെയർമാൻ നിയാസ് പുളിക്കലകത്ത് ആരോപിച്ചു.
നഗരസഭ ജനങ്ങളെ ദ്രോഹിക്കുകയും സേവന സന്നദ്ധരായവരെ തകർക്കുകയും ചെയ്യുകയാണെന്നും നഗരസഭയിലുടനീളമുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കാനോ നിയമലംഘനം തടയാനോ നോട്ടീസ് നൽകാത്ത നഗരസഭ ഈ കാര്യത്തിൽ കാണിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നടപടിയാണെന്നും മുനിസിപ്പൽ എൽ.ഡി.എഫ് ലീഡർ ടി. കാർത്തികേയനും എൽ.ഡി.എഫ് കൺവീനർ ഗിരീഷ് തോട്ടത്തിലും പ്രസ്താവനയിൽ കുറ്റപ്പെടുത്തി. എന്നാൽ, സർക്കാർ ഭൂമി കൈയേറി ഭിത്തി നിർമിക്കുന്നുവെന്ന പരാതിയിൽ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടർന്നുണ്ടായ സ്വാഭാവിക നടപടിയാണ് ഇതെന്നും കാരുണ്യവീടുകൾ ഇല്ലാതാക്കാനുള്ള ശ്രമമോ രാഷ്ട്രീയ വൈരാഗ്യമോ നടപടിക്ക് പിറകിലില്ലെന്നും നഗരസഭ ചെയർമാൻ എ. ഉസ്മാൻ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

