മലപ്പുറം ജില്ല പ്ലാനിങ് ആൻഡ് റിസോഴ്സ് കേന്ദ്രം നിർമാണം പൂർത്തിയായി
text_fieldsമലപ്പുറം: സിവിൽ സ്റ്റേഷനിൽ തദ്ദേശ വകുപ്പിനുള്ള ജില്ല പ്ലാനിങ് ആൻഡ് റിസോഴ്സ് കേന്ദ്രത്തിന്റെ (ഡി.പി.ആർ.സി) നിർമാണം പൂർത്തിയായി.
കെട്ടിടത്തിൽ ഓഫിസ് പ്രവർത്തനം ആരംഭിക്കാൻ അനുമതി തേടി പഞ്ചായത്ത് ജോയന്റ് ഡയറക്ടർ സംസ്ഥാന തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് കത്തയക്കും. ഇനി കെട്ടിട നമ്പറും അഗ്നിരക്ഷ സേനയുടെ സുരക്ഷ പരിശോധനയും മാത്രമേ പൂർത്തീകരിക്കാൻ ബാക്കിയുള്ളൂ. അഗ്നിരക്ഷ സേനയുടെ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. സിവിൽ സ്റ്റേഷനിൽ ജില്ല ട്രഷറി ഓഫിസിനും ജില്ല സ്പോർട്സ് കൗൺസിൽ ഓഫിസിനുമിടയിലാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്.
2019ൽ കേന്ദ്ര സർക്കാർ അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ചാണ് കെട്ടിട നിർമാണം ആരംഭിച്ചത്. തുടർന്ന് കെട്ടിടം പണി പൂർത്തിയാകാതെ വന്നതോടെ 94 ഗ്രാമപഞ്ചായത്തുകളിൽനിന്ന് അധിക തുക വകയിരുത്തിയാണ് നിർമാണം പൂർത്തിയാക്കിയത്. മൂന്ന് നിലകളിലുള്ള കെട്ടിടത്തിൽ ആദ്യത്തെയും രണ്ടാമത്തെയും നിലകളിൽ തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടറുടെ ഓഫിസുകൾ പ്രവർത്തിക്കും. മൂന്നാം നിലയിൽ കോൺഫറൻസ് ഹാളും ജോയൻറ് ഡയറക്ടറുടെ ക്യാബിനുമുണ്ടാകും. തദ്ദേശ സ്ഥാപന ജനപ്രതിനിധികൾക്കുള്ള പരിശീലന പരിപാടികളടക്കം ഇനി ഈ കേന്ദ്രത്തിലാകും നടക്കുക. നേരത്തേ പഞ്ചായത്ത് വകുപ്പിന് കീഴിലെ എല്ലാ ഓഫിസുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, സ്ഥല പരിമിതി കാരണം എല്ലാ ഓഫിസുകളും കേന്ദ്രത്തിലേക്ക് മാറ്റില്ല.
പ്രിൻസിപ്പൽ ഡയറക്ടറുടെ കത്തിൽ മറുപടി ലഭിക്കുന്ന മുറക്ക് കെട്ടിടം പ്രവർത്തനം ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

