അപകട ‘തണലിൽ’ നഗരത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ
text_fieldsമലപ്പുറം: പുതിയ കെ.എസ്.ആർ.ടി.സി ടെർമിനൽ ഉദ്ഘാടനം കഴിഞ്ഞ് മലപ്പുറം നഗരം കൂടുതൽ മൊഞ്ചായെങ്കിലും കല്ലുകടിയായി മലപ്പുറത്തെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ. കെ.എസ്.ആർ.ടി.സി ടെർമിനലിന് മുന്നിൽ മലപ്പുറം-മഞ്ചേരി റോഡിലെ നഗരസഭയുടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂരയും പിൻഭാഗവും തകർന്ന് അപകട ഭീഷണിയായിട്ട് ഒരു വർഷത്തിലേറെയായി.
രാത്രി സമയത്ത് കെ.എസ്.ആർ.ടി.സി ബസുകൾ മതിലിലിടിച്ചാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നത്. എന്നാൽ തങ്ങളൊന്നും അറിഞ്ഞില്ലെന്ന പോലെ കെ.എസ്.ആർ.ടി.സി തകർന്ന മതിലോ ബസ് സ്റ്റോപ്പോ നന്നാക്കാൻ മെനക്കെട്ടില്ല. അതിനു ശേഷം കെ.എസ്.ആർ.ടി.സി ടെർമിനൽ പുതുക്കി പണിതപ്പോഴും ഈ ഭാഗം കണ്ടഭാവം നടിച്ചില്ല. നഗരസഭയുടെ കീഴിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രമെങ്കിലും അവരുടെ ഭാഗത്ത് നിന്നും കാര്യമായ അനക്കമുണ്ടായിട്ടില്ല.
കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ ഭാഗത്ത് നിന്ന് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് വീണ മതിലിലെ കല്ലുകൾപോലും മാറ്റിയിടാത്ത അവസ്ഥയാണ്. ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ തൂണും റൂഫും തകർന്ന് ചെരിഞ്ഞ നിലയിലുമാണ്. സമാന രീതിയിൽ കുന്നുമ്മലിലെ തിരൂർ ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്ന കാത്തിരിപ്പു കേന്ദ്രവും കോട്ടപ്പടിയിലെ ബസ് കാത്തിരിപ്പു കേന്ദ്രവും അപകട ഭീഷണിയിലാണ്.
തിരൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ മേൽകൂരയാണ് തകർന്നിരിക്കുന്നത്. ദിവസേന നൂറു കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ശോചനീയാവസ്ഥയെ സംബന്ധിച്ച് നിരവധിപേർ സഗരസഭയെ അറിയിച്ചിട്ടുണ്ട്. നഗരസഭ കൗൺസിലിലും ഈ വിഷയം ചർച്ചയായിട്ടുണ്ട്. ജനങ്ങൾ നിത്യേന ഉപയോഗിക്കുന്ന ഈ കേന്ദ്രങ്ങൾ ഉടനെ അറ്റകുറ്റപ്പണി നടത്തി നവീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

