മുങ്ങിത്താഴ്ന്ന യുവതിയെ 60കാരി മാതാവ് രക്ഷപ്പെടുത്തിയത് സാഹസികമായി
text_fieldsറുഖിയയുടെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കാനെത്തിയവർ
തിരൂർ: പുറത്തൂർ നമ്പ്രം കടവിൽ കക്ക വാരി തിരിച്ച് വരുന്നതിനിടെ തോണി മറിഞ്ഞുണ്ടായ അപകടത്തിൽനിന്ന് യുവതിയെ 60കാരിയായ മാതാവ് രക്ഷപ്പെടുത്തിയത് സാഹസികമായി. ചക്കിട്ടിപ്പറമ്പിൽ ഉമ്മറിന്റെ ഭാര്യ ബീപാത്തുവാണ് (60) മകളും കുറുങ്ങാട്ടിൽ നസീറിന്റെ ഭാര്യയുമായ റസിയയെ (42) രക്ഷപ്പെടുത്തിയത്. തോണിയിലുണ്ടായിരുന്ന മറ്റ് നാലുപേരും മരിച്ചു.
വെള്ളത്തിൽ മുങ്ങവേ റസിയ മാതാവിനെ കെട്ടിപ്പിടിക്കുകയായിരുന്നു. എന്നാൽ, തന്നെ കെട്ടിപ്പിടിച്ചാൽ രണ്ടുപേരും താഴ്ന്നുപോകുമെന്ന് മകളെ ബീപാത്തു ആദ്യം ബോധ്യപ്പെടുത്തി. പിന്നീട് ഒരു കൈ കൊണ്ട് മകളുടെ മുടിപിടിച്ച് മറുകൈ കൊണ്ട് കര ലക്ഷ്യമാക്കി തുഴഞ്ഞു. സാഹസികമായി രണ്ടാം ചാലിന്റെ കരക്കെത്തിയ ബീപാത്തു മാട്ടിലെ പുൽപിടിച്ച് കരയിലേക്ക് കയറി മകളെ നിലത്ത് കിടത്തി.
ശക്തമായ ഇരുട്ടായതിനാൽ മറ്റുള്ളവരെ രക്ഷപ്പെടുത്താൻ പോകാൻ കഴിഞ്ഞില്ല. പിന്നീട് റസിയയെയും പിടിച്ച് വെളിച്ചമുള്ള മറ്റൊരു മാട്ടിലെത്തി ഉറക്കെ വിളിച്ച് കരഞ്ഞ് ആളെക്കൂട്ടി വിവരം പറയുകയായിരുന്നു. ബീപാത്തുവിന്റെ ഭർത്താവ് അഞ്ച് വർഷത്തോളമായി രോഗിയാണ്. രണ്ടാമത്തെ മകളായ റസിയയുടെ ഭർത്താവും പക്ഷാഘാതം പിടിപെട്ട് കിടപ്പിലാണ്. കഷ്ടപ്പാട് കൊണ്ടാണ് തങ്ങൾ കക്ക വാരാൻ പോകുന്നതെന്ന് ബീപാത്തു കണ്ണീരോടെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

