താനാളൂർ ഇ.എം.എസ് സ്റ്റേഡിയം പരിപാലനത്തിന് ജനകീയ സമിതി
text_fieldsനവീകരണം പൂർത്തീകരിച്ച താനാളൂർ ഇ.എം.എസ് സ്റ്റേഡിയം
താനൂർ: കായിക പ്രേമികളുടെ നിരന്തര ആവശ്യമായിരുന്ന താനാളൂർ സ്റ്റേഡിയത്തിന്റെ നവീകരണം പൂർത്തിയായതോടെ തുടർന്നുള്ള പരിപാലനത്തിനും ജനകീയ കൂട്ടായ്മ രൂപവത്കരിച്ച് സ്റ്റേഡിയം സംരക്ഷിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
87 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച സ്റ്റേഡിയത്തിൽ ഗ്യാലറിയും ഡ്രസിങ് റൂമുമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. പഞ്ചായത്ത് ഫണ്ടിന് പുറമേ സ്ഥലം എം.എൽ.എയും കായിക വകുപ്പ് മന്ത്രിയുമായ വി. അബ്ദുറഹിമാന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചും റൂർബൻ മിഷന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയുമാണ് സ്റ്റേഡിയം നവീകരണം പൂർത്തീകരിച്ചത്.
ജനപ്രതിനിധികൾ, പ്രദേശവാസികൾ, വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ, കായിക താരങ്ങൾ എന്നിവരെ ഉൾപ്പെടുത്തി പഞ്ചായത്ത് പ്രസിഡന്റ് വിളിച്ച യോഗത്തിലാണ് സ്റ്റേഡിയം പരിപാലന സമിതിക്ക് രൂപം നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി. അബ്ദുറസാഖ്, അംഗം മംഗലത്ത് മജീദ്, സെക്രട്ടറി ഒ.കെ. പ്രേമരാജൻ, ക്ലബ് കോഓഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ മുജീബ് താനാളൂർ സംസാരിച്ചു.