താനൂർ നഗരസഭ ചെയർമാൻ പദവി; തർക്കത്തിന് പരിഹാരം
text_fieldsതാനൂർ: നഗരസഭ ചെയർമാൻ പദവിയെ ചൊല്ലിയുണ്ടായ മുസ്ലിം ലീഗിലെ തർക്കങ്ങൾക്ക് പരിഹാരമായി. 11 വാർഡ് കമ്മിറ്റികളുടെയും മുനിസിപ്പൽ പ്രസിഡന്റ് സി. മുഹമ്മദ് അഷ്റഫിന്റെയും രാജിയിലേക്ക് നയിച്ച തർക്കം ലീഗിനുള്ളിൽ കടുത്ത ആഭ്യന്തര തർക്കത്തിനിടയാക്കിയിരുന്നു. കഴിഞ്ഞദിവസം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം.
നിലവിലെ ചെയർമാൻ പി.പി. ഷംസുദ്ദീൻ ലോക്സഭ തെരഞ്ഞടുപ്പ് കഴിഞ്ഞതിന്റെ തൊട്ടടുത്തദിവസം സ്ഥാനമൊഴിയുമെന്നാണ് തീരുമാനിച്ചത്. രാജിക്കത്ത് ഇന്ന് പാർട്ടിക്ക് കൈമാറും. തുടർന്ന് മോര്യയിൽനിന്നുള്ള കൗൺസിലർ റഷീദ് മോര്യ ചെയർമാൻ പദവിയേറ്റെടുക്കും. പ്രശ്നപരിഹാരമായതിനെ തുടർന്ന് മുനിസിപ്പൽ പ്രസിഡന്റ് സി. മുഹമ്മദ് അഷ്റഫ് രാജി പിൻവലിച്ച് പ്രസിഡന്റ് പദവിയിൽ തുടരും.
മുസ്ലിം ലീഗ് അഖിലേന്ത്യാ ജന.സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി, സംസ്ഥാന ജന. സെക്രട്ടറി പി.എം.എ സലാം, ജില്ല ജന. സെക്രട്ടറി പി. അബ്ദുൽ ഹമീദ് എന്നിവരും ജില്ല, മണ്ഡലം, മുനിസിപ്പൽ ഭാരവാഹികളും ചർച്ചയിൽ സംബന്ധിച്ചു.

