അനാഥ പെൺകുട്ടികൾക്ക് ‘ലൈഫി’ൽ വീട് ലഭിച്ചില്ല; ഉത്തരവാദിത്തം നന്നമ്പ്ര പഞ്ചായത്ത് ഭരണസമിതിക്കെന്ന് സി.പി.എം
text_fieldsതാനൂർ: അനാഥരായ മൂന്നുപെൺകുട്ടികൾക്ക് ലൈഫ് ഭവനപദ്ധതിയിൽ വീട് അനുവദിക്കാതിരുന്നത് നന്നമ്പ്ര പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേട് കാരണമെന്ന് സി.പി.എം നന്നമ്പ്ര ലോക്കൽ കമ്മിറ്റി അംഗങ്ങൾ താനൂരിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ ഒരുപഞ്ചായത്തിലും സർക്കാർ നേരിട്ട് ലൈഫ് ഭവനപദ്ധതിക്കുള്ള പട്ടിക തയാറാക്കിയിട്ടില്ല. ലൈഫ് ഭവനപദ്ധതിയുടെ മാനദണ്ഡങ്ങൾ പ്രകാരം പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും പരിശോധന നടത്തിയാണ് പട്ടിക തയാറാക്കിയിട്ടുള്ളത്. ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയാത്ത കുടുംബങ്ങളെ കണ്ടെത്തി അതിദരിദ്രകുടുംബങ്ങളുടെ പട്ടിക തയാറാക്കാൻ പഞ്ചായത്തുകളോട് സർക്കാർ നിർദേശവും നൽകിയിരുന്നു. ഇത് തയാറാക്കേണ്ടത് പഞ്ചായത്ത് അംഗവും ഗ്രാമസഭയുമാണ്.
ഇത്രയും അവസരങ്ങൾ ഉണ്ടായിട്ടും മുസ്ലിം ലീഗ് ഭരിക്കുന്ന നന്നമ്പ്ര പഞ്ചായത്ത് ഭരണസമിതി ഒന്നും ചെയ്യാതെ, പാവപ്പെട്ട ഈ കുടുംബത്തെ മുൻനിർത്തി സർക്കാറിനെതിരായ പ്രചാരണത്തിന് ലൈഫ്മിഷൻ പദ്ധതിയെ ഉപയോഗിക്കുകയാണെന്നും സി.പി.എം നേതാക്കൾ പറഞ്ഞു.
സി.പി.എം താനൂർ ഏരിയ കമ്മിറ്റി അംഗം എം. അനിൽകുമാർ, നന്നമ്പ്ര ലോക്കൽ സെക്രട്ടറി കെ. ഗോപാലൻ, കെ. ബാലൻ, നന്നമ്പ്ര പഞ്ചായത്ത് അംഗം പി.പി. ഷാഹുൽ ഹമീദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

