താനാളൂരിൽ കേരളോത്സവ നടത്തിപ്പിൽ പരാതി
text_fieldsതാനൂർ: സ്റ്റേഡിയങ്ങളേറെയുണ്ടായിട്ടും സ്കൂൾ കായികമേള നടത്താൻ മണ്ഡലത്തിന് പുറത്തുള്ള ഗ്രൗണ്ടുകളെ ആശ്രയിക്കേണ്ടിവന്നത് വിവാദമായതിന് പിന്നാലെ താനാളൂർ പഞ്ചായത്ത് കേരളോത്സവ നടത്തിപ്പിനെ ചൊല്ലിയും പരാതികളുയരുന്നു. പഞ്ചായത്തിൽ രണ്ട് സ്റ്റേഡിയങ്ങളുണ്ടായിട്ടും കേരളോത്സവത്തിലെ വോളിബാൾ മത്സരങ്ങൾ റെയിൽവേ മേൽപാലത്തിന് താഴെയുള്ള റോഡിൽ വെച്ച് നടത്തേണ്ടിവന്നതാണ് പരാതികൾക്കിടയാക്കിയത്.
മാസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഇ.എം.എസ് സ്റ്റേഡിയവും പട്ടരുപറമ്പിലെ നായനാർ സ്റ്റേഡിയവും കായിക യോഗ്യമാക്കുന്നതിൽ പഞ്ചായത്ത് ഭരണസമിതി പരാജയപ്പെട്ടതിനാലാണ് ഒരു അടിസ്ഥാന സൗകര്യവുമില്ലാത്ത പാലത്തിന് കീഴിലെ തകർന്ന റോഡിൽവെച്ച് മത്സരങ്ങൾ നടത്തേണ്ടിവന്നതെന്നാണ് രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാണിക്കുന്നത്.

