ഓണ-നബിദിന ആശംസകളുമായി തന്ത്രി പ്രതിനിധി സംഘം പാണക്കാട്ട്
text_fieldsതെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭന് ഉണ്ണി നമ്പൂതിരിപ്പാടിന്റെ പ്രതിനിധി സംഘം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചപ്പോൾ.
മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സമീപം
മലപ്പുറം: നബിദിന, ഓണ ആശംസകളുമായി തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭന് ഉണ്ണി നമ്പൂതിരിപ്പാടിന്റെ പ്രതിനിധി സംഘം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. നാലായിരം ക്ഷേത്രങ്ങളുടെ തന്ത്രിയായ തരണനല്ലൂര്‍ പത്മനാഭന് ഉണ്ണി നമ്പൂതിരിപ്പാടിന്റെ പ്രതിനിധികൾ ഓണവിഭവങ്ങളുമായാണ് എത്തിയത്.
അദ്ദേഹവുമായി കുറച്ച് വര്‍ഷങ്ങളായി അഭേദ്യമായ ബന്ധമാണ് പാണക്കാട് കുടുംബത്തിനുള്ളതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുതുവല്ലൂര്‍ ദുർഗാ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്ഷണിച്ചതുമുതലാണ് ബന്ധം ആരംഭിച്ചതെന്നും ഇത് ഇന്നും വളരെ നല്ല രീതിയില്‍ തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പെരുന്നാള്‍, ഓണം, വിഷു തുടങ്ങിയ എല്ലാ വിശേഷ സന്ദര്‍ഭങ്ങളിലും ഉണ്ണി നമ്പൂതിരിപ്പാട് വിളിച്ച് ആശംസകള്‍ നേരാറുണ്ട്. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും അദ്ദേഹം വലിയൊരു ഓണസമ്മാനം നല്‍കിയിട്ടുണ്ടെന്നും സാദിഖലി തങ്ങള്‍ അറിയിച്ചു.
പാണക്കാട്ടുക്കാർ കുറെ മഹല്ലുകളുടെ ഖാദിയാണെങ്കില് ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ തന്ത്രിയാണെന്ന് താനെന്ന് അദ്ദേഹം തമാശരൂപേണ പറയാറുണ്ടെന്നും തങ്ങള്‍ പറഞ്ഞു.
മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും എത്തിയിരുന്നു. ഓണാശംസകൾ നേർന്നുള്ള തന്ത്രിയുടെ സന്ദർശനം സൗഹൃദത്തിന്റെ പ്രതീകമാണെന്നും സമൂഹത്തിന് അത് നൽകുന്ന സന്ദേശം വലുതാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

