താനാളൂരിൽ മാറ്റത്തിന്റെ കാറ്റെന്ന് യു.ഡി.എഫ്, തുടരുമെന്ന് എൽ.ഡി.എഫ്
text_fieldsതാനാളൂർ: പഞ്ചായത്ത് രൂപവത്കരണം തൊട്ട് അടിയുറച്ച ലീഗ് കോട്ടയായിരുന്ന താനാളൂരിനെ ജനകീയ വികസന മുന്നണിയിലൂടെ എൽ.ഡി.എഫ് കൈപ്പിടിയിലൊതുക്കിയിട്ട് രണ്ട് പതിറ്റാണ്ടിലേറെക്കാലമായി.
2000ത്തിൽ ആദ്യമായി ഭരണത്തിലേറിയ എൽ.ഡി.എഫിന് ഭരണസമിതി കാലയളവ് പകുതി പിന്നിട്ടപ്പോഴേക്കും ഭൂരിപക്ഷം നഷ്ടപ്പെട്ട് ഭരണം കൈവിടേണ്ട സാഹചര്യമുണ്ടായെങ്കിലും പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിച്ച് ഭരണം നിലനിർത്താനായി.
2020ൽ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ ആകെയുള്ള 23ൽ 13 സീറ്റുകളിലും വിജയിക്കാനായതോടെ എൽ.ഡി.എഫ് മേധാവിത്വം താനാളൂരിൽ തുടരുകയായിരുന്നു. 10 സീറ്റുകൾ നേടിയ യു.ഡി.എഫ് 3 സീറ്റുകളിൽ പരാജയപ്പെട്ടത് വിരലിലെണ്ണാവുന്ന വോട്ടുകൾക്കായിരുന്നെങ്കിലും ഭരണമാറ്റമെന്ന യു.ഡി.എഫ് ലക്ഷ്യം അതോടെ വീണ്ടും അകലെയായി.
ഇത്തവണ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും അതിന്റെ തെളിവാണ് ഇക്കാലമത്രയും എൽ.ഡി.എഫ് സഹയാത്രികരായിരുന്ന പല പ്രമുഖരും ഈയിടെ യു.ഡി.എഫ് ചേരിയിലേക്കെത്തിയതെന്നും യു.ഡി.എഫ് പ്രവർത്തകർ പറയുന്നു.
എന്നാൽ കാർഷിക മേഖലയിലും ലൈഫ് ഭവന പദ്ധതിയുൾപ്പെടെയുള്ള വികസന പദ്ധതികളിലും സംസ്ഥാനതലത്തിൽ തന്നെ മികച്ച നേട്ടം കൈവരിച്ച പഞ്ചായത്തെന്ന നിലയിൽ ഇടതുഭരണം തുടരുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നാണ് ഇടതുമുന്നണി പ്രവർത്തകരുടെ പക്ഷം.
ഒരു വാർഡ് വർധിച്ചതോടെ ആകെ 24 വാർഡുകളായ പഞ്ചായത്തിൽ ഇത്തവണ കരുത്തരായ സ്ഥാനാർഥികളെ തന്നെയാണ് ഇരുപക്ഷവും കളത്തിലിറക്കിയിരിക്കുന്നത്.
എൽ.ഡി.എഫിൽ പതിനേഴ് സീറ്റുകളിലാണ് സി.പി.എം മത്സരിക്കുന്നത്. ബാക്കിയുള്ള ഏഴിടത്ത് എൽ.ഡി.എഫ് സ്വതന്ത്രരുമാണ് മത്സരിക്കുന്നത്. യു.ഡി.എഫിൽ പതിനൊന്ന് സീറ്റിൽ മുസ്ലിം ലീഗും ഏഴിടത്ത് കോൺഗ്രസും മത്സരിക്കുമ്പോൾ ആറ് വാർഡുകളിൽ യു.ഡി.എഫ് സ്വതന്ത്രരാണുള്ളത്.
സ്വാധീനമുള്ള വാർഡുകളിൽ ബി.ജെ.പിയും സജീവമായി രംഗത്തുണ്ട്. ഒരു വാർഡിലാണ് ഇത്തവണ എസ്.ഡി.പി.ഐ മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

