നഗരസഭയിലെ തെരുവ് വിളക്കുകൾ സ്ഥാപിക്കൽ ടെൻഡർ വൈകുന്നു
text_fieldsമലപ്പുറം: നഗരസഭയിലെ തെരുവ് വിളക്കുകൾ സ്ഥാപിക്കാനുള്ള ടെൻഡർ നടപടികൾ വൈകുന്നു. 65 ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. ജനുവരി അവസാനത്തോടെ നടപടികൾ പൂർത്തീകരിക്കാനായിരുന്നു ശ്രമം. എന്നാൽ, എൻജിനീയറിങ് വിഭാഗത്തിലെ സാങ്കേതിക തടസ്സങ്ങൾ കാരണം ടെൻഡർ നീളുകയായിരുന്നു. പുതിയ തെരുവ് വിളക്കുകൾക്കായി 35 ലക്ഷം, കേടുവന്ന വിളക്കുകൾ മാറ്റിസ്ഥാപിക്കാൻ 15 ലക്ഷം, മിനി മാസ്റ്റ് വിളക്കുകൾക്ക് 15 ലക്ഷം അടക്കം 65 ലക്ഷം രൂപയുടെ പദ്ധതിയാണ്. റമദാൻ വരുന്നതിന് മുമ്പ് വാർഡുകളിൽ മുഴുവൻ ഇടങ്ങളിലും വിളക്കുകൾ സ്ഥാപിക്കാനായിരുന്നു അധികൃതർ ലക്ഷ്യമിട്ടിരുന്നത്.
രാത്രികാലങ്ങളിൽ വാർഡ് തലങ്ങളിൽ പലയിടത്തും ഇരുട്ടിലാണ്. ഇതിനിടെ തെരുവ് നായ് ശല്യം കൂടി വർധിച്ചതോടെ രാത്രിയാത്ര ദുഷ്കരമായിട്ടുണ്ട്. കേടുവന്ന വിളക്കുകൾ പുനഃസ്ഥാപിക്കാത്തത് വാർഡ് തലങ്ങളിൽനിന്ന് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള വെളിച്ചമാണ് രാത്രിയാത്രക്കാർക്ക് താൽക്കാലികമായെങ്കിലും ആശ്വാസം. സ്ഥാപനങ്ങൾ രാത്രി 10 മണിയോടെ അടച്ചാൽ സ്ഥിതി ഗുരുതരമാണ്.
കുന്നുമ്മല്‍-മൂന്നാംപടി, മൂന്നാംപടി- മുണ്ടുപറമ്പ്, കാവുങ്ങല്‍-മച്ചിങ്ങല്‍ ബൈപ്പാസ്, കുന്നുമ്മല്‍-കോട്ടപ്പടി നഗരസഭ ബസ് സ്റ്റാന്‍ഡ് റൂട്ട്, എം.എസ്.പി-കൂട്ടിലങ്ങാടി, കോട്ടപ്പടി-നൂറാടി എന്നിവിടങ്ങളില്‍ രാത്രി ഒമ്പത് മണി കഴിഞ്ഞാല്‍ റോഡ് ഇരുട്ടില്‍ മുങ്ങിയ നിലയിലാണ്. 2024 ഡിസംബറിൽ 2022ൽ സ്ഥാപിച്ച 7000 തെരുവ് വിളക്കുകളിൽ കേടുവന്ന ജനുവരി 20നകം മാറ്റി സ്ഥാപിക്കാൻ കരാറുകാർക്ക് കൗൺസിൽ യോഗം നിർദേശം നൽകിയിരുന്നു. ഇവയും പൂർണമായി മാറ്റി സ്ഥാപിക്കൽ പൂർത്തിയായിട്ടില്ല. ഇതും പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

