തേഞ്ഞിപ്പലത്തെ മാലിന്യ വിവാദത്തിന് താല്‍ക്കാലിക വിരാമം
text_fieldsഅരിക്കുളത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന
എം.സി.എഫ് കെട്ടിടത്തിന് മുന്നിലുള്ള മാലിന്യക്കൂമ്പാരം
തേഞ്ഞിപ്പലം: ദേവതിയാല്‍ കാരിമഠത്തില് പ്രദേശത്തെ മെറ്റീരിയല്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ (എം.സി.എഫ്) പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ പ്ലാസ്റ്റിക് മാലിന്യം സംഭരിക്കാമെന്ന പഞ്ചായത്ത് അധികൃതരുടെ ഉറപ്പ് അംഗീകരിച്ച് ജനകീയ സമരസമിതി.
ജനവാസമേഖലയിലല്ലാത്ത ഉചിതമായ മറ്റൊരിടം കണ്ടെത്താമെന്നും അതുവരെ കാരിമഠത്തില് പ്രദേശത്തെ എം.സി.എഫില്‍ പ്ലാസ്റ്റ് മാലിന്യം സംഭരിക്കാമെന്നുമാണ് പരസ്പര ധാരണ.
എം.സി.എഫില്‍ ഹരിതകര്‍മസേന ശേഖരിക്കുന്ന പാഴ്വസ്തുക്കള് വേര്‍തിരിക്കുക മാത്രമേ ചെയ്യൂവെന്നും വ്യവസായ കേന്ദ്രത്തിന്റെ ചുറ്റുമതിലിന് പുറമെ എം.സി.എഫിന് പ്രത്യേക ചുറ്റുമതില്‍ പണിയുമെന്നും സി.സി.ടി.വി സ്ഥാപിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്കി.
ഹരിതകര്‍മസേനയുടെയും എം.സി.എഫിന്റെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാൻ സമരസമിതി അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക സമിതിക്ക് രൂപം നല്‍കാനും തീരുമാനമായി.
ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് ടി. വിജിത്ത് വ്യക്തമാക്കി. സമരസമിതി ആവശ്യപ്പെട്ട പ്രകാരം സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നതിന് സര്‍ക്കാറിനോട് ആവശ്യപ്പെടും.
ചര്‍ച്ചയില്‍ വൈസ് പ്രസിഡന്റ് പി. മിനി, സ്ഥിരംസമിതി അധ്യക്ഷരായ എം. സുലൈമാന്‍, പിയൂഷ് അണ്ടിശ്ശേരി, നസീമ യൂനുസ്, വാര്‍ഡ് അംഗവും സമരസമിതി ചെയര്‍മാനുമായ പി.വി. ജാഫര്‍ സിദ്ദീഖ്, കണ്‍വീനര്‍ വേണുഗോപാല്‍, വാര്‍ഡ് അംഗം പി.എം. നിഷാബ്, സെക്രട്ടറി അയിഷാ റഹ്മത്ത് കോയ, അസി. സെക്രട്ടറി പി.ടി. അഷറഫ്, സമരസമിതി അംഗങ്ങളായ പി.എം. റിയാസ്, പി.വി. സുബൈര്‍, പി.എം. ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
വാക്ക് പാലിച്ചില്ലെങ്കില്‍ വീണ്ടും സമരമെന്ന് ജനകീയ സമിതി
തേഞ്ഞിപ്പലം: മെറ്റീരിയല്‍ ഫെസിലിറ്റേഷന്‍ സെന്ററുമായി ബന്ധപ്പെട്ട് തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് അധികൃതര്‍ നല്കിയ ഉറപ്പ് പാലിച്ചില്ലെങ്കില്‍ വീണ്ടും സമരരംഗത്തിറങ്ങേണ്ടി വരുമെന്ന് ജനകീയ സമരസമിതി നേതൃത്വം. സമിതി പിരിച്ചുവിട്ടിട്ടില്ല. പഴയതുപോലുള്ള സാഹചര്യം ഇനിയും ഉണ്ടായാല്‍ സമരം പുനരാരംഭിക്കുമെന്ന് സമിതി ചെയര്‍മാനും ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് അംഗവുമായ പി.വി. ജാഫര്‍ സിദ്ദീഖ് വ്യക്തമാക്കി. പഞ്ചായത്ത് അധികൃതര്‍ക്ക് മുന്നില്‍ നിലവില്‍ മറ്റൊരു മാര്‍ഗവുമില്ലാത്തതിനാലാണ് താല്‍ക്കാലികമായി കാരിമഠത്തില് പ്രദേശത്തെ എം.സി.എഫ് ഉപയോഗിക്കാന്‍ പ്രദേശവാസികള്‍ സഹകരിക്കുന്നത്. മറ്റൊരിടം എത്രയും വേഗം കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും ജാഫര്‍ സിദ്ദീഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

