താനൂർ ബഡ്സ് സ്കൂൾ; പൂർത്തീകരണത്തിന് രണ്ടു കോടി അനുവദിച്ചു
text_fieldsതാനൂർ: താനൂർ വി.കെ.എം. ഇബ്നു മൗലവി ബഡ്സ് സ്പെഷൽ സ്കൂൾ കം റീഹാബിലിറ്റേഷൻ സെന്റർ കൂടുതൽ സൗകര്യങ്ങളോടെ വിപുലപ്പെടുത്തി ജില്ലയിലെ മാതൃകാ സെൻററാക്കി ഉയർത്താൻ രണ്ടു കോടി രൂപ അനുവദിച്ചതായി എം.എൽ.എ പറഞ്ഞു.
ഇതു സംബന്ധിച്ച് സെൻറർ സന്ദർശിച്ച് അനുമതിക്കായി കത്ത് നൽകിയിരുന്നു. കഴിഞ്ഞ ദിവസം തന്നെ തത്വത്തിൽ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായും എം.എൽ.എ കൂട്ടിച്ചേർത്തു. കെട്ടിടത്തിന്റെ നിർവഹണ ചുമതല തദ്ദേശ സ്വയംഭരണ വിഭാഗത്തിനാണ്. പദ്ധതിയുടെ ഡി.പി.ആർ തയാറാക്കി ഭരണാനുമതിക്കായി സമർപ്പിക്കും.
ഭരണാനുമതി ലഭ്യമായാൽ സാങ്കേതികാനുമതിയും ടെണ്ടർ നടപടിയും പൂർത്തീകരിക്കാനാവും. ഗ്രൗണ്ട് ഫ്ലോറിൽ ബഡ്സ് സ്കൂളും ഓഫീസ് മുറിയും കിച്ചൺ കം ഡൈനിങ്ങ് ഹാളുമാണുള്ളത്. ഗ്രൗണ്ട് ഫ്ലോറിന്റെ സ്ട്രക്ടറൽ നിർമ്മാണം പൂർത്തീകരിച്ചെങ്കിലും വൈദ്യുതീകരണവും ഫിനിഷിങ് പ്രവൃത്തിയും ബാക്കിയുണ്ട്. കൂടാതെ ഒന്നാം നിലയും രണ്ടാം നിലയും സ്ട്രക്ചറൽ പ്രവൃത്തിയടക്കം പൂർത്തീകരിക്കണം.ഒന്നാം നിലയിൽ ഫിസിയോതെറപ്പി, സ്പീച്ച്തെറപ്പി, ക്ലിനിക്കൽ സൈക്കോളജി, വെർച്വൽ റീഹാബിലിറ്റേഷൻ, വൊക്കേഷനൽ ട്രെയിനിങ്, സ്പെഷൽ എജൂക്കേഷൻ തുടങ്ങിയ സേവനങ്ങൾക്കായി പ്രത്യേക റുമുകൾ, മിനി കോൺഫറൻസ് ഹാൾ, സൗകര്യം ഒരുക്കും.
മൂന്നാം നിലയിൽ സെമിനാർ ഹാൾ, നൈപുണ്യ വികസന കേന്ദ്രത്തിനായി പ്രത്യേക ഹാൾ എന്നിവ സജീകരിക്കും. പദ്ധതി നിർവഹണം വേഗത്തിലാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് സാങ്കേതിക വിഭാഗം ജില്ല മേധാവിക്ക് നിർദേശം നൽകിയതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

