ആത്മവിശ്വാസത്തോടെ ഇരുമുന്നണികളും
text_fieldsതാനൂർ: 2000 ഒക്ടോബർ രണ്ടിന് രൂപം കൊണ്ട നിറമരുതൂർ പഞ്ചായത്തിൽ തുടക്കം മുതലുള്ള ഇടതു ആധിപത്യത്തിന് പ്രഹരമേൽപ്പിച്ച് ഒറ്റ സീറ്റിന്റെ ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണ അധികാരം പിടിച്ചെടുത്ത യു.ഡി.എഫ് കൂടുതൽ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്താനും ഇടതുമുന്നണി നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനായും ഒരുങ്ങിയിറങ്ങുമ്പോൾ നിറമരുതൂർ പഞ്ചായത്തിൽ ഇത്തവണ പോരാട്ടം കനക്കും.
ആദ്യ തെരഞ്ഞെടുപ്പിൽ 12ൽ ഏഴു സീറ്റുകൾ നേടി ഭരണത്തിലേറിയ സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് 2015 വരെയുള്ള മൂന്നു തെരഞ്ഞെടുപ്പുകളിലും തുടർച്ചയായി വിജയം നേടാനായതോടെ സി.പി.എം കോട്ടയായി അറിയപ്പെട്ടിരുന്ന നിറമരുതൂർ പഞ്ചായത്ത് ആദ്യമായി യു.ഡി.എഫ് പിടിച്ചെടുത്തത് കഴിഞ്ഞ തെരഞ്ഞെടുപ്പിലായിരുന്നു. ആകെയുള്ള പതിനേഴിൽ ഒമ്പത് സീറ്റുകൾ നേടി ഒരൊറ്റ സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഭരണം നേടിയ യു.ഡി.എഫിന് ആദ്യ ഘട്ടത്തിൽ വിശ്വാസ വോട്ടെടുപ്പിൽ ഒരു യു.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. ആറ് മാസക്കാലം എൽ.ഡി.എഫിലെ പി.പി. സൈദലവി പഞ്ചായത്ത് പ്രസിഡന്റായെങ്കിലും പിന്നീട് മുസ്ലിം ലീഗിന്റെ ഇസ്മായിൽ പുതുശ്ശേരി പ്രസിഡന്റായി സ്ഥാനമേറ്റു.
ഇത്തവണ എല്ലാം കൊണ്ടും അനുകൂലമായ സാഹചര്യമാണുള്ളതെന്നും ഭരണത്തുടർച്ച ഉറപ്പാണെന്നുമാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്. എന്നാൽ റോഡുകളുടെ തകർച്ചയും വിവിധ സേവന മേഖലകളിലെ മോശം പ്രകടനവും ജനങ്ങൾ വിലയിരുത്തുമെന്നും ഭരണമാറ്റം സുനിശ്ചിതമാണെന്നുമുള്ള വിലയിരുത്തലാണ് എൽ.ഡി.എഫിനുള്ളത്. 2 സീറ്റുകൾ വർധിച്ച് 19 സീറ്റുകളായ പഞ്ചായത്തിൽ യു.ഡി.എഫിന് വേണ്ടി 11 സീറ്റുകളിൽ ലീഗും 5 സീറ്റുകളിൽ കോൺഗ്രസുമാണ് മത്സരിക്കുന്നത്.
ലീഗിനും കോൺഗ്രസിനും വേണ്ടി ഓരോ സ്വതന്ത്രന്മാരും രംഗത്തുണ്ട്. കൂടാതെ കഴിഞ്ഞ തവണ വിജയത്തിലെത്താൻ സഹായിച്ച വെൽഫെയർ പാർട്ടിയുമായി ഇത്തവണയും ധാരണയിലെത്തിയതിന്റെയടിസ്ഥാനത്തിൽ ഒരു സീറ്റിൽ യു.ഡി.എഫ് പിന്തുണയോടെ വെൽഫെയർ പാർട്ടി സ്വതന്ത്ര സ്ഥാനാർഥിയും മത്സരിക്കുന്നുണ്ട്. എൽ.ഡി.എഫിൽ 17 സീറ്റുകളിലും സി.പി.എം മത്സരിക്കുമ്പോൾ രണ്ടിടത്ത് സി.പി.എം സ്വതന്ത്രരെയാണ് രംഗത്തിറക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

