താനൂർ ബോട്ട് അപകടം പുനരന്വേഷിക്കണം -യു.ഡി.എഫ്
text_fieldsജസ്റ്റിസ് മോഹൻ കമീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യം
താനൂർ: 22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ വന്ന സാഹചര്യത്തിൽ സമഗ്രമായ പുനരന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് രംഗത്ത്.
യു.ഡി.എഫ് താനൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടത്. ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേരളത്തിലെ ചില പ്രമുഖ ചാനലുകൾ പുറത്തുവിട്ട വാർത്തകളിൽ മന്ത്രിമാരുടെ ഓഫിസുകളിൽനിന്ന് ബോട്ട് ഉടമക്ക് അനധികൃതമായി ഒത്താശ ചെയ്തുകൊടുത്തു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെന്നും ജില്ലയിലെ സി.പി.എമ്മിന്റെ ഉന്നത നേതാക്കൾ വരെ ബോട്ട് ഉടമക്ക് ഭരണസ്വാധീനം ഉപയോഗിച്ച് ലൈസൻസ് ലഭ്യമാക്കാൻ വേണ്ട ഇടപെടലുകൾ നടത്തിയതായും റിപ്പോർട്ടുകൾ വന്നതിന്റെ അടിസ്ഥാനത്തിൽ താനൂർ ബോട്ട് ദുരന്തം കരുതിക്കൂട്ടിയുണ്ടാക്കിയ കൊലപാതകമാണെന്നു തെളിഞ്ഞിരിക്കുകയാണെന്നും ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
ഇതോടൊപ്പം സർക്കാർ നിയോഗിച്ച ജസ്റ്റിസ് വി.കെ. മോഹൻ അധ്യക്ഷനായ ജുഡീഷ്യൽ കമീഷൻ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് സർക്കാറിന് നൽകിയ ഇടക്കാല റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്നും വർഷങ്ങൾ കഴിഞ്ഞിട്ടും കമീഷൻ റിപ്പോർട്ട് പൂഴ്ത്തിവെക്കുന്നത് ഉന്നതരെ സംരക്ഷിക്കുന്നതിനുവേണ്ടിയാണെന്ന് വ്യക്തമായിരിക്കുകയാണെന്നും യു.ഡി.എഫ് ഭാരവാഹികൾ പറഞ്ഞു.
വിഷയത്തിൽ പുനരന്വേഷണത്തിന് സർക്കാർ തയാറായാൽ മാത്രമേ ഇതിൽ അകപ്പെട്ട മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കുകയുള്ളൂവെന്നും യു.ഡി.എഫ് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

