ടാങ്ക് നിർമാണം തകൃതി; എന്ന് പൂർത്തിയാകും ചോക്കാട്ടെ ജൽജീവൻ പദ്ധതി?
text_fieldsചോക്കാട് ജൽജീവൻ പദ്ധതിക്കായി 40 സെന്റിൽ ജലസംഭരണി നിർമാണം പുരോഗമിക്കുന്നു
കാളികാവ്: ഗ്രാമീണ മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനായി ആരംഭിച്ച ജലനിധി പദ്ധതി എന്ന് കമീഷൻ ചെയ്യുമെന്ന കാര്യത്തിൽ അനിശ്ചിതത്വം. ജൽ ജീവൻ പദ്ധതിക്കായി നിർമിക്കുന്ന കുടിവെള്ള ടാങ്കിന്റെ നിർമാണം പുരോഗമിക്കുമ്പോഴും പദ്ധതി എന്ന് തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ചോക്കാട് നാൽപ്പത് സെന്റിലാണ് ടാങ്ക് നിർമാണം നടക്കുന്നത്. ചോക്കാട്, അമരമ്പലം പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്കുവേണ്ടിയാണ് കുടിവെള്ള സംഭരണി നിർമാണം നടക്കുന്നത്. നിലവിൽ കരാറുകാർക്ക് ഭീമമായ തുക കുടിശ്ശികയുണ്ട്.
കുടിശ്ശിക കുന്നുകൂടുകയും കരാറുകാർ പിൻമാറുകയും ചെയ്തതാണ് ജൽ ജീവൻ പദ്ധതി നിർമാണം വൈകാൻ കാരണം. പദ്ധതിക്കായി കഴിഞ്ഞ നവംബറിൽ കേന്ദ്രം 300 കോടി അനുവദിച്ചിരുന്നെങ്കിലും സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലെ ജൽ ജീവൻപദ്ധതി പൂർത്തീകരിക്കാൻ ഫണ്ട് തികയില്ല. ഈ തുക വിനിയോഗിക്കുന്നതിനെ ചൊല്ലിയും കരാറുകാരുമായി തർക്കമുണ്ട്.
2019ൽ തുടങ്ങിയ ജൽ ജീവൻ പദ്ധതിയിൽ കേരളം ചേരുന്നത് 2021ലാണ്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 35 ശതമാനം നിർമാണമാണ് പൂർത്തിയായതായി കരാറുകാർ പറയുന്നത്.ഈ വകയിൽ തന്നെ 3306 കോടി കുടിശ്ശിക ഉള്ളതായാണ് കണക്ക്. കഴിഞ്ഞ ഒരു വർഷമായി എല്ലാ ബില്ലുകളും കെട്ടിടിക്കിടക്കുകയാണ്.നിർമാണത്തിന്റെ ഭാഗമായി ജില്ലയിൽ ചിലയിടങ്ങളിൽ മാത്രം പൈപ്പിടൽ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. ജല സംഭരണികൾ എവിടെയും പൂർത്തിയായിട്ടുമില്ല.കാളികാവിൽ സംഭരണിക്കായി സ്ഥലമെടുപ്പ് മാത്രമാണ് നടന്നത്. സംസ്ഥാനത്ത് 104 വില്ലേജുകളിലായി 59,770 കിലോമീറ്റർ പൈപ് ലൈനുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

