കേരളത്തിൽനിന്നുള്ള ചരക്കുവാഹനങ്ങൾ തമിഴ്നാട് തടഞ്ഞു
text_fieldsതമിഴ്നാട് നാടുകാണി ചെക്ക്പോസ്റ്റിൽ കേരളത്തിൽ നിന്നുള്ള ചരക്കുവാഹനങ്ങൾ തടഞ്ഞിട്ട നിലയിൽ
നിലമ്പൂർ: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ കേരളത്തിൽനിന്നുള്ള ചരക്കുവാഹനങ്ങളെ തമിഴ്നാട് തടഞ്ഞിട്ടു. കേരള -തമിഴ്നാട് അതിർത്തിയായ നാടുകാണിയിലെ സംയുക്ത ചെക്ക്പോസ്റ്റിലാണ് തമിഴ്നാട് പൊലീസ് വാഹനങ്ങൾ തടഞ്ഞിട്ടത്.
കഴിഞ്ഞ ചൊവ്വാഴ്ച മുതൽ തമിഴ്നാട്ടിൽ രാത്രി 10 മുതല്‍ പുലര്‍ച്ച നാലു വരെ കര്‍ഫ്യൂ ഉണ്ട്. ഇതിെൻറ ഭാഗമായി രാത്രി 10 മുതല്‍ പുലര്‍ച്ച ആറു വരെ അതിര്‍ത്തികള്‍ അടച്ചിരുന്നു. ഏപ്രിൽ 25 മുതല്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണും പ്രഖ്യാപിച്ചിരുന്നു.
ചരക്കുവാഹനങ്ങൾക്ക് ഇളവുണ്ടാവുമെന്ന് കരുതി കേരളത്തിൽനിന്ന് കർണാടകയിലേക്ക് ചരക്കെടുക്കാൻ എത്തിയ വാഹനങ്ങളാണ് ഞായറാഴ്ച പുലർച്ച മുതൽ ചെക്ക്പോസ്റ്റിൽ തടഞ്ഞിട്ടത്. ഇതോടെ കേരളത്തിൽനിന്ന് ചരക്ക് എടുക്കാൻ പോവുന്ന വാഹനങ്ങളുടെ നീണ്ട നിര കാണപ്പെട്ടു. എന്നാൽ, കേരളത്തിലേക്കുള്ള ചരക്കുവാഹനങ്ങൾ തടഞ്ഞിരുന്നില്ല.
സമ്പൂർണ ലോക്ഡൗണായതു മൂലം വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കാനുള്ള നിർദേശം തങ്ങൾക്ക് ലഭിച്ചില്ലെന്നാണ് പൊലീസ് വാഹന ഉടമകളെ അറിയിച്ചത്. നീലഗിരി ജില്ല ഭരണകൂടം ഇളവ് അനുവദിച്ച് രാവിലെ ഒമ്പതോടെ പ്രവേശനം അനുവദിക്കുകയായിരുന്നു.