താലൂക്ക് ആശുപത്രി പി.എം.ജി.വി.കെ ഫണ്ട്; തുക വിനിയോഗത്തിൽ തീരുമാനം നീളുന്നു
text_fieldsകോട്ടപ്പടി താലൂക്ക് ആശുപത്രിയിലെ ദുർബലമായ കെട്ടിടം പൊളിച്ച് സ്ഥലം നിരത്തിയപ്പോൾ
മലപ്പുറം: താലൂക്ക് ആശുപതിക്കു പുതിയ കെട്ടിടം നിർമിക്കാൻ കേന്ദ്ര സർക്കാരിന്റെ ജൻവികാസ് കാര്യക്രമം പദ്ധതി (പി.എം.ജി.വി.കെ) ഉൾപ്പെടുത്തി അനുവദിച്ച 9.72 കോടി രൂപ അക്കൗണ്ടിൽ കിടക്കാൻ തുടങ്ങിയിട്ട് അഞ്ചാം വർഷത്തിലേക്ക് കടക്കുന്നു. ശോച്യാവസ്ഥയിലുള്ള ആശുപത്രിയുടെ പഴയ കെട്ടിടം പൊളിക്കൽ നടപടി പൂർത്തിയായിട്ടും പുതിയ കെട്ടിടം നിർമിക്കാനായി കലക്ടറുടെ അക്കൗണ്ടിൽ കിടക്കുന്ന ഈ ഫണ്ട് ഉപയോഗപ്പെടുത്തുന്നതിലെ സാങ്കേതികത്വത്തിന് പരിഹാരമായില്ല. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപേർഡ് കമ്മിറ്റി ആശുപത്രി നവീകരണവുമായി ബന്ധപ്പെട്ട അജണ്ടയിൽ തീരുമാനമെടുക്കാത്തതാണ് പ്രശ്നത്തിന് കാരണം.
ന്യൂനപക്ഷ മേഖലകളിലെ ആരോഗ്യ വികസനത്തിനു വേണ്ടിയാണ് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് പി.എം.ജെ.വി.കെ പദ്ധതിയിലുൾപ്പെടുത്തി 2022 നവംബർ 19ന് തുക അനുവദിച്ചത്.സംസ്ഥാന ന്യൂനപക്ഷ വിഭാഗത്തിന്റെ അഭ്യർഥന പ്രകാരമായിരുന്നിത്. അതുകൊണ്ടു തന്നെ വിനിയോഗാനുമതി നൽകേണ്ടത് കേന്ദ്ര സംസ്ഥാന ന്യൂനപക്ഷ വകുപ്പുകളാണ്. ആരോഗ്യ വകുപ്പിനു കെട്ടിടം നിർമിക്കാൻ അനുമതി നൽകുന്ന ചുമതല മാത്രമാണുള്ളത്.
നഗരസഭക്കാണ് നിർമാണച്ചുമതല. കെട്ടിടം നിർമിക്കാൻ സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ അനുമതി ലഭിച്ചിരുന്നു. താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിനോടു ചേർന്ന കെട്ടിടം നിർമിക്കാനായിരുന്നു ആദ്യം എസ്റ്റിമേറ്റ് തയാറാക്കിയത്. അതിനിടെയാണ് പഴയ ബ്ലോക്ക് തകർച്ച നേരിടുന്നതും ഈ കെട്ടിടം പൊളിച്ചു പുതിയ കെട്ടിടം പണിയാനും തീരുമാനിക്കുകയും ചെയ്തത്. എന്നാൽ പുതുക്കിയ എസ്റ്റിമേറ്റിനു വീണ്ടും കേന്ദ്രാനുമതി ലഭ്യമാക്കണം. അതിനു ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപേർഡ് കമ്മിറ്റി യോഗം ചേർന്ന് പ്രപ്പോസൽ കേന്ദ്ര ന്യൂനപക്ഷ വകുപ്പിനു സമർപ്പിക്കേണ്ടി വരും. എന്നാൽ പലകുറി ആവശ്യപ്പെട്ടിട്ടും ഒരു അജൻഡക്ക് മാത്രമായി യോഗം ചേരാനാകില്ലെന്ന സാങ്കേതികത്വം പ്രശ്നമായി തുടരുകയാണ്. 2021-22ൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ 33ാമത് എംപവേർഡ് കമ്മിറ്റിയാണ് പദ്ധതിക്കായി അംഗീകാരം നൽകിയത്.
പഴയ കെട്ടിടം പൂർണമായി പൊളിച്ചു നീക്കി
മലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രിയിലെ ദുർബലമായ കെട്ടിടം പൂർണമായി പൊളിച്ച് നീക്കി. 2025 ആഗസ്റ്റ് 23നാണ് കെട്ടിടം പൊളിക്കൽ നടപടികൾ ആരംഭിച്ചത്. അഞ്ച് മാസം പൂർത്തിയായപ്പോഴേക്കും പ്രവൃത്തി പൂർത്തിയാക്കി സ്ഥലം നിരപ്പാക്കിയിട്ടുണ്ട്. ആദ്യം പഴയ കെട്ടിടത്തിലെ ഫാർമസി പ്രവൃത്തിച്ചിരുന്ന കെട്ടിടത്തിന്റെ മുൻവശം പൂർണമായും പൊളിച്ച് നീക്കിയത്. കെട്ടിടത്തിലെ വാതിലുകളും ജനലുകളും പൊളിച്ച് മാറ്റിയിരുന്നു. പഴയ കെട്ടിടം 10.68 ലക്ഷം രൂപ അടവാക്കിയാണ് കരാറുകാരൻ പൊളിക്കൽ ഏറ്റെടുത്തത്. പൊളിച്ചുമാറ്റുന്ന കെട്ടിടത്തിലുണ്ടായിരുന്ന ഫിസിയോതെറാപ്പി യൂനിറ്റ് മേൽമുറി ആലത്തൂർപടിയിലേക്കും, ഫാർമസി സ്റ്റോറേജ് മുനിസിപ്പൽ ടൗൺഹാളിൽ നഗരസഭ തയ്യാറാക്കിയ സ്റ്റോറേജ് ബ്ലോക്കിലേക്കും മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

