താലൂക്ക് ആശുപത്രി അൺഫിറ്റ് കെട്ടിടം; പൊളിക്കൽ നടപടി അന്തിമഘട്ടത്തിലേക്ക്
text_fieldsപൊളിക്കൽ അന്തിമഘട്ടത്തിലെത്തിയ കോട്ടപ്പടി താലൂക്ക് ആശുപത്രി അൺഫിറ്റ് കെട്ടിടം
മലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രിയിലെ അൺഫിറ്റ് കെട്ടിടം പൊളിക്കൽ നടപടികൾ അന്തിമഘട്ടത്തിലേക്ക്. പഴയ കെട്ടിടത്തിന്റെ ഒരുവശം കൂടി മാത്രമേ പൊളിച്ച് നീക്കാൻ ബാക്കിയുള്ളൂ. ആഗസ്റ്റ് 23ന് ആരംഭിച്ച പൊളിക്കൽ വേഗത്തിലാണ് പുരോഗമിക്കുന്നത്. പഴയ കെട്ടിടം 10.68 ലക്ഷം രൂപ അടവാക്കിയാണ് കരാറുകാരൻ പൊളിക്കൽ ഏറ്റെടുത്തത്. നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചു മാറ്റുന്നതോടുകൂടി 10 കോടി രൂപ ചെലവിൽ കേന്ദ്രസർക്കാറിന്റെ പി.എം.ജി.കെ (പ്രൈം മിനിസ്റ്റർ യോജന കാര്യക്രം) പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനാണ് ശ്രമം.
കെട്ടിടം നിർമാണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ കൈയിൽ ഉണ്ടായിരുന്ന ഭൂമി ആരോഗ്യ വകുപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി എൻ.ഒ.സി ലഭിക്കുന്നതിന് ഉൾപ്പെടെ വന്ന കാലതാമസമാണ് നിർമാണ പ്രവർത്തനങ്ങൾ വൈകാൻ കാരണം. പൊളിച്ചുമാറ്റുന്ന കെട്ടിടത്തിലുണ്ടായിരുന്ന ഫിസിയോതെറാപ്പി യൂനിറ്റ് മേൽമുറി ആലത്തൂർപടിയിലേക്കും, ഫാർമസി സ്റ്റോറേജ് മുനിസിപ്പൽ ടൗൺഹാളിൽ നഗരസഭ തയാറാക്കിയ സ്റ്റോറേജ് ബ്ലോക്കിലേക്കും ഒ.പി പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയിലും ഒഫ്താൽമോളജി ഡിപ്പാർട്ട്മെന്റുകൾ പുതിയ കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്കും മാറ്റി സ്ഥാപിച്ചിരുന്നു.
പി.എം.ജി.വി.കെ ഫണ്ടിൽ തീരുമാനമായില്ല; പുതിയ കെട്ടിടം നീളും
മലപ്പുറം: താലൂക്ക് ആശുപത്രിക്കു പുതിയ കെട്ടിടം നിർമിക്കാൻ കേന്ദ്ര സർക്കാറിന്റെ ജൻവികാസ് കാര്യക്രമം പദ്ധതി (പി.എം.ജി.വി.കെ) ഉൾപ്പെടുത്തി അനുവദിച്ച 9.72 കോടി രൂപ അക്കൗണ്ടിൽ കിടക്കാൻ തുടങ്ങിയിട്ട് നാല് വർഷമായി. ശോച്യാവസ്ഥയിലുള്ള ആശുപത്രിയുടെ പഴയ കെട്ടിടം പൊളിക്കാൻ നടപടി പുരോഗമിക്കുന്നതിനിടെ പുതിയ കെട്ടിടം നിർമിക്കാനായി ഫണ്ട് ഉപയോഗപ്പെടുത്താനാകുമോ പണം യഥാസമയം അനുവദിച്ചു കിട്ടുമോ എന്നതാണ് നിലവിലെ ആശങ്ക. ന്യൂനപക്ഷ മേഖലകളിലെ ആരോഗ്യ വികസനത്തിനു വേണ്ടിയാണ് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് പി.എം.ജെ.വി.കെ പദ്ധതിയിലുൾപ്പെടുത്തി 2022 നവംബർ 19ന് തുക അനുവദിച്ചത്.
സംസ്ഥാന ന്യൂനപക്ഷ വിഭാഗത്തിന്റെ അഭ്യർഥന പ്രകാരമായിരുന്നിത്. നഗരസഭക്കാണ് നിർമാണച്ചുമതല. കെട്ടിടം നിർമിക്കാൻ സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ അനുമതി ലഭിച്ചിരുന്നു. താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിനോടു ചേർന്ന കെട്ടിടം നിർമിക്കാനായിരുന്നു ആദ്യം എസ്റ്റിമേറ്റ് തയാറാക്കിയത്. അതിനിടെയാണ് പഴയ ബ്ലോക്ക് തകർച്ച നേരിടുന്നതും ഈ കെട്ടിടം പൊളിച്ചു പുതിയ കെട്ടിടം പണിയാനും തീരുമാനിക്കുകയും ചെയ്തത്. എന്നാൽ പുതുക്കിയ എസ്റ്റിമേറ്റിനു വീണ്ടും കേന്ദ്രാനുമതി ലഭ്യമാകണം. അതിനു ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേഡ് കമ്മിറ്റി യോഗം ചേർന്ന് പ്രപ്പോസൽ കേന്ദ്ര ന്യൂനപക്ഷ വകുപ്പിനു സമർപ്പിക്കേണ്ടി വരും. എന്നാൽ പലകുറി ആവശ്യപ്പെട്ടിട്ടും ഒരു അജണ്ടക്ക് മാത്രമായി യോഗം ചേരാനാകില്ലെന്ന സാങ്കേതികത്വം പ്രശ്നമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

