പൂക്കോട്ടുംപാടം: പത്രവിതരണത്തിന് സൈക്കിളില്ലാതെ വിഷമത്തിലായ വിദ്യാർഥിക്ക് ലീഗ് പ്രവർത്തകർ പുതിയ സൈക്കിൾ വാങ്ങി നൽകി. കവളമുക്കട്ടയിലെ കിഴക്കൻ മുഹമ്മദ് സ്വാലിഹിനാണ് പത്രവിതരണം സുഗമമാക്കാൻ സൈക്കിൾ വാങ്ങി നൽകിയത്. പ്ലസ് ടു വിദ്യാർഥിയായ സ്വാലിഹ് പഠനത്തിനാവശ്യമായ പണം കണ്ടെത്തുന്നതും കൂലി പണിക്കാരനായ പിതാവ് മുഹമ്മദിന് ജോലി കുറഞ്ഞതോടെ കുടുംബം പുലർത്താൻ സഹായിക്കുന്നതും ഈ പത്ര വിതരണത്തിലൂടെയാണ്.
കാലപ്പഴക്കം വന്ന സൈക്കിൾ കേടുവന്നതോടെ മിക്ക ദിവസങ്ങളിലും കാൽനടയായുള്ള പത്രവിതരണം പ്രതിസന്ധിയിലായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപെട്ട ലീഗ് പ്രവർത്തകർ സ്വാലിഹിന് പുതിയ സൈക്കിൾ വാങ്ങി നൽകുകയായിരുന്നു.
പൂക്കോട്ടുംപാടം അപ്പോളോ സൈക്കിൾ വേൾഡ് ഗ്രൂപ് ഉടമ സി. ജനീഷ് സൗജന്യമായി സൈക്കിൾ നൽകിയതോടെ സ്വാലിഹ് സന്തോഷത്തിലാണ്. മുസ്ലിം ലീഗ് വാർഡ് ഭാരവാഹികളായ കെ.ടി. അബ്ദുറഹ്മാൻ, അസീസ് കെ. ബാബു, അസൈൻ ചെറുകാട് എന്നിവരുടെ സാന്നിധ്യത്തിൽ സ്വാലിഹിന് സൈക്കിൾ കൈമാറി.