കാർ തകർത്ത് മങ്കട സ്വദേശിയെ മർദിച്ച് കവർച്ച നടത്തിയ പ്രതികൾ അറസ്റ്റിൽ
text_fieldsഫിറോസ് ഖാൻ, ഫാഇസ് ബാബു
മലപ്പുറം: ചെറാട്ടുകുഴിയിൽ കാറ് തകർത്ത് മങ്കട സ്വദേശിയെ അടിച്ചുപരിക്കേൽപ്പിച്ച് കൂട്ടക്കവർച്ച നടത്തിയ പ്രതികളെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. മക്കരപ്പറമ്പ് വെള്ളാട്ട്പറമ്പ് പള്ളിതെക്കേതിൽ ഫിറോസ് ഖാൻ (45), മലപ്പുറം കാട്ടുങ്ങൽ മുഹമ്മദ് ഫാഇസ് ബാബു (28) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മേയ് 14ന് കാറിൽ സഞ്ചരിക്കുകയായിരുന്ന മങ്കട പള്ളിപ്പുറം സ്വദേശിയുടെ കാറിനെ മറ്റൊരു കാർ ക്രോസ് ചെയ്ത് നിർത്തി ഇടിപ്പിച്ചിക്കുകയും കാറിന്റെ ഗ്ലാസ് അടിച്ചുതകർക്കുകയും യാത്രക്കാരനെ മർദിച്ച് കവർച്ച നടത്തുകയും ചെയ്തവരാണ് പിടിയിലായവർ.
ഇവരെ മലപ്പുറം ഇൻസ്പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം അതിസാഹസികമായി മലപ്പുറത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക കാര്യത്തിലുള്ള വൈരാഗ്യം ആയിരുന്നു അക്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
കാർ തടഞ്ഞുനിർത്തിയ പ്രതികൾ വീൽ സ്പാനർ കൊണ്ട് കാറിന്റെ ചില്ല് അടിച്ച് തകർക്കുകയും വീൽ സ്പാനർ ഉപയോഗിച്ച് യാത്രക്കാരനെ അടിച്ചും കല്ല് കൊണ്ട് കുത്തിയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി.
യാത്രക്കാരന്റെ കാറിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും രണ്ട് ലക്ഷം രൂപയും അപഹരിച്ചെന്നും പരാതിയിലുണ്ടായിരുന്നു. പരിക്കേറ്റയാളുടെ പരാതിപ്രകാരം മലപ്പുറം പൊലീസ് കേസെടുക്കുകയും അന്വേഷണം നടത്തിവരികയുമായിരുന്നു.
കേസിൽ ഉൾപ്പെട്ടു എന്ന് മനസ്സിലാക്കിയ പ്രതികൾ ജില്ലക്ക് അകത്തും പുറത്തും മൊബൈൽ ഫോണും മറ്റും ഉപയോഗിക്കാതെ ഒളിവിൽ താമസിച്ചുവരുകയായിരുന്നു. സൈബർ സെല്ലിന്റെയും മറ്റും സഹായത്തോടെ മലപ്പുറം പൊലീസ് നടത്തിയ നീക്കത്തിലൂടെയാണ് പ്രതികൾ അറസ്റ്റിൽ ആയത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

