പന്തല്ലൂരിൽ വീട് കുത്തിത്തുറന്ന് 22 പവൻ കവർന്ന പ്രതി പിടിയിൽ
text_fieldsപാണ്ടിക്കാട്: പന്തല്ലൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് കിടപ്പുമുറിയിൽനിന്ന് 22 പവൻ സ്വർണാഭരണം കവർന്ന കേസിൽ പ്രതി പിടിയിൽ. എടവണ്ണ ഒതായിയിലെ പെരുമണ്ണ വേരുപാലം സ്വദേശി വെള്ളാട്ടുചാല വീട്ടിൽ അബ്ദുൽ റഷീദാണ് (51) പിടിയിലായത്. പന്തല്ലൂർ കടമ്പോട് ജി.എൽ.പി സ്കൂളിന് സമീപം എസ്.എൻ സദനിലെ വി.കെ. ശ്രീധരന്റെ വീട്ടിൽനിന്ന് 24 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഊട്ടിയിൽ കുടുംബസമേതം താമസിക്കുന്ന പ്രതി നാട്ടിലെത്തി മോഷണങ്ങൾ നടത്തി ഊട്ടിയിലേക്ക് തിരിച്ചുപോകാറാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ജൂൺ അഞ്ചിന് ശ്രീധരനും ഭാര്യയും മകളുടെ വീട്ടിൽ താമസിക്കുന്ന സമയത്തായിരുന്നു കവർച്ച. ഫോൺ കോളുകളും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു ആദ്യം പൊലീസ് അന്വേഷണം. പിന്നീട് സമാനരീതിയിലുള്ള മോഷണങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയതിൽനിന്നാണ് അബ്ദുൽ റഷീദിലേക്ക് എത്തിയത്. കഴിഞ്ഞദിവസം കാളികാവിൽനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പ്രതി പന്തല്ലൂരിലെത്താൻ ഉപയോഗിച്ച ബൈക്ക് വണ്ടൂരിൽനിന്ന് കസ്റ്റഡിയിലെടുത്തു. മോഷണത്തിനായി ഉപയോഗിച്ച ആയുധങ്ങൾ പന്തല്ലൂരിലെ കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞതും കണ്ടെടുത്തിട്ടുണ്ട്. പ്രതിയുടെ പേരിൽ മോഷണങ്ങൾ ഉൾപ്പടെ 42 കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
പാണ്ടിക്കാട് സ്‌റ്റേഷൻ ഹൗസ് ഓഫിസർ സി. പ്രകാശന്റെ നേതൃത്വത്തിൽ എസ്.ഐ വി. മൻസൂർ, എ.എസ്.ഐ അനൂപ് കുമാർ, എസ്.സി.പി.ഒമാരായ റാഷിദ്, ഹാരിസ് ആലുംതറയിൽ, വിമൽ കുമാർ, ഡാൻസാഫ് സ്ക്വാഡ് അംഗം പ്രശാന്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

