സുജിത വധം: രണ്ടുമാസം പിന്നിട്ടു; കുറ്റപത്രം നവംബർ ആദ്യത്തോടെ
text_fieldsതുവ്വൂർ: സുജിത വധം നടന്നിട്ട് രണ്ടുമാസം പിന്നിടുന്നു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേസിന്റെ വിശദമായ കുറ്റപത്രം തയാറാക്കിവരുകയാണ്. കൂടുതൽ സാക്ഷികളുള്ളതിനാൽ ഈ മാസം അവസാനമോ നവംബർ ആദ്യ വാരത്തിലോ മാത്രമേ കുറ്റപത്രം സമർപ്പിക്കൂ എന്നാണറിയുന്നത്.
ആഗസ്റ്റ് 11നാണ് തുവ്വൂർ പള്ളിപ്പറമ്പിലെ മാങ്കുത്ത് മനോജ് കുമാറിന്റെ ഭാര്യ സുജിതയെ (35) കാണാതാവുന്നത്. 10 ദിവസത്തിനുശേഷം തുവ്വൂർ ഗ്രാമപഞ്ചായത്തിന് സമീപത്തെ വീട്ടുമുറ്റത്തെ മാലിന്യക്കുഴിയിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീടിന്റെ ഉടമസ്ഥരായ മാതോത്ത് വീട്ടില് വിഷ്ണു (27), പിതാവ് മുത്തു (53), സഹോദരങ്ങളായ വൈശാഖ് (21), വിവേക് (20), സുഹൃത്ത് മുഹമ്മദ് ഷിഹാന് (18) എന്നിവർ അറസ്റ്റിലുമായി.
ഇവർ ഇപ്പോൾ റിമാൻഡിലാണ്. പ്രതികളുമായുള്ള തെളിവെടുപ്പുകൾ ആഗസ്റ്റിൽ തന്നെ പൂർത്തിയായിട്ടുണ്ട്. കേസിൽ കൂടുതൽ സാക്ഷികളുള്ളതിനാലാണ് കുറ്റപത്രം സമർപ്പണം നീളുന്നത്. അഞ്ച് പ്രതികളാണുള്ളത്. മാത്രമല്ല,
കൃഷിഭവൻ, ഗ്രാമപഞ്ചായത്ത് ഓഫിസ്, കുടുംബശ്രീ എന്നിവയിൽ പ്രവർത്തിച്ചിരുന്ന സുജിതക്ക് വിപുലമായ സുഹൃദ് ബന്ധങ്ങളുമുണ്ട്. ഇവരിൽ നിന്നെല്ലാം മൊഴിയെടുക്കണം. സുജിതയുടെ ആഭരണം പ്രതികൾ വിൽപന നടത്തിയ ജ്വല്ലറികൾ, പ്രതി വിഷ്ണുവുമായി സാമ്പത്തികമായോ മറ്റോ ബന്ധമുള്ള നിരവധിപേർ, മറ്റു പ്രതികളുമായി ബന്ധമുള്ളവർ എന്നിവരുടെ മൊഴികളും പ്രധാനമാണ്. ഇതിൽ പലരുടെതും ഇതിനകം എടുത്തിട്ടുണ്ട്. പ്രതികളുടെ മൊബൈൽ ഫോണുകൾ, സുജിതയുടെ സ്വർണാഭരണം, കൊലപാതകത്തിനുപയോഗിച്ച വസ്തുക്കൾ തുടങ്ങിയ തൊണ്ടികളും നിരവധിയുണ്ട്.
ഏറെ പ്രമാദമായ കൊലപാതകമായതിനാൽ കുറ്റപത്രം പരമാവധി കുറ്റമറ്റ രീതിയിലാക്കാനാണ് പൊലീസ് ശ്രമം. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്ക് ജാമ്യത്തിന് അപേക്ഷ നൽകാം. അതിനാൽ നവംബർ ആദ്യത്തോടെ തന്നെ സമർപ്പിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

