പുസ്തകരചനയിൽ ശ്രദ്ധേയനായി റിൻഷിഫ്
text_fieldsമങ്കട: ചെറുപ്രായത്തിൽതന്നെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് ശ്രദ്ധേയനാവുകയാണ് മങ്കട കടന്നമണ്ണ സ്വദേശി റിൻഷിഫ് എന്ന വിദ്യാർഥി. മങ്കട ശാന്തിനഗർ എൻ.സി.ടി ഹൈസ്കൂളിൽനിന്ന് കഴിഞ്ഞ വർഷം പത്താം ക്ലാസ് പൂർത്തിയാക്കിയ റിൻഷിഫ് സ്വന്തമായി ‘ദ പാത്ത്സ് ഓഫ് ലൈഫ്’, ‘ദ ലാസ്റ്റ് മാജിക് കിങ്ഡം’ എന്നീ ഇംഗ്ലീഷ് പുസ്തകങ്ങൾ ഇതിനകം പുറത്തിറക്കി. ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ ഓൺലൈൻ സൈറ്റുകളിലും മറ്റും പുസ്തകം ലഭ്യമാണ്.
എൽ.കെ.ജി മുതൽ എൻ.സി.ടിയിൽ പഠിച്ച റിൻഷിഫ് കടന്നമണ്ണ വലിയാത്ര മൊയ്ദീൻകുട്ടിയുടെ മകൻ അബ്ദുൽ റഷീദ്-ബുഷ്റാബി ദമ്പതികളുടെ മകനാണ്. നാലാം ക്ലാസ് മുതൽ കഥകളും എട്ടാം ക്ലാസ് മുതൽ ഗാനങ്ങളും എഴുതിത്തുടങ്ങിയ റിൻഷിഫിന്റെ വളർച്ചയിൽ എൻ.സി.ടി സ്കൂളാണ് പ്രചോദനമായത്. നിലവിൽ 35 ഗാനങ്ങളുടെയും നിരവധി കഥകളുടെയും രചന പൂർത്തീകരിച്ചു. സ്വന്തം ഗാനങ്ങൾക്ക് സംഗീതം നൽകാനുള്ള ശ്രമവും തുടരുന്നു.
ജാപ്പനീസ് ഭാഷ അഭ്യസിക്കുന്ന റിൻഷിഫിന് ഭാവിയിൽ കൂടുതൽ അന്തർദേശീയ ഭാഷകൾ പഠിക്കാനും ‘ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് ജേണലിസം’ വിഷയത്തിൽ ഉന്നത പഠനം നടത്താനുമാണ് ആഗ്രഹം. ഇപ്പോൾ മങ്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ അഡ്മിഷൻ ലഭിച്ചിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീർ ദിനാചരണത്തിന്റെ ഭാഗമായി എൻ.സി.ടി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ റിൻഷിഫിന്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്യുകയും മെമന്റോ നൽകി ആദരിക്കുകയും ചെയ്തു. പ്രിൻസിപ്പൽ കെ. ഷംസുദ്ദീൻ, മാനേജർ വി. അബ്ദു, ജനറൽ സെക്രട്ടറി ഷാക്കിർ മോൻ, വൈസ് പ്രിൻസിപ്പൽ സമീറ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

