'നിയമം' പറഞ്ഞ് വിദ്യാർഥികൾ; പിഴയിട്ട് പൊലീസ്
text_fieldsഒതുക്കുങ്ങലിൽ പൊലീസിന് മുന്നിൽ കുടുങ്ങിയ വിദ്യാർഥികൾ പിഴയടക്കുന്നു
കോട്ടക്കൽ: സ്കൂൾ പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥികൾ വന്നുപെട്ടത് കോട്ടക്കൽ പൊലീസിെൻറ മുന്നിൽ. കൈ കാണിച്ച പൊലീസുകാരോട് ഇത് ഇലക്ട്രോണിക് സ്കൂട്ടറാണെന്നും ലൈസൻസ് വേണ്ടെന്നും കുട്ടികൾ. ഉദ്യോഗസ്ഥർ ഒന്നുകൂടി നോക്കിയപ്പോൾ സംഭവം ശരിയാണ്. എന്നാൽ, ഹെൽമറ്റെവിടെയെന്നായി പൊലീസ്. 40 കിലോക്ക് താഴെയുള്ള വണ്ടിക്ക് ഹെൽമറ്റ് വേണ്ടെന്ന് മറുപടി. കൂടാതെ കുറച്ച് നിയമ വശങ്ങളും പറഞ്ഞ് വിദ്യാർഥികൾ.
ഇതോടെ വിദ്യാർഥികളെ എസ്.ഐക്കരികിലേക്ക് പറഞ്ഞു വിട്ടു. ഇവിടെയും സമാനമായ ഡയലോഗ്. ഒരു മാറ്റവുമില്ല. എന്നാൽ, കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയതിന് ഇരു സ്കൂട്ടർ യാത്രക്കാർക്കും 500 രൂപ വീതം പിഴയിട്ടു.
നിയന്ത്രണങ്ങളുടെ ഭാഗമായി ബൈക്കിലോ സ്കൂട്ടറിലോ അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് സഞ്ചരിക്കാൻ പാടുള്ളൂവെന്ന് വിദ്യാർഥികളെ പറഞ്ഞു മനസ്സിലാക്കിയാണ് പറഞ്ഞയച്ചത്. ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവർ നിയമം കർശനമായി പാലിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. രണ്ട് സ്കൂട്ടറുകളിലായി നാലുപേരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

