പ്രകാശിക്കാതെ തെരുവുവിളക്കുകൾ; തിരൂർ ഇരുട്ടിൽ
text_fieldsഹൈമാസ്റ്റ് ലൈറ്റുകൾ കത്താത്തതിനാൽ ഇരുട്ടിലായ തിരൂർ സെൻട്രൽ ജങ്ഷൻ
തിരൂർ: തെരുവുവിളക്കുകൾ പ്രകാശിക്കാത്തതിനാൽ തിരൂർ നഗരത്തിന്റെ മിക്ക പ്രദേശങ്ങളും ഇരുട്ടിൽ. സന്ധ്യ മയങ്ങിയാൽ നഗരത്തിലേക്ക് വരുന്നവർ കൈയിൽ ടോർച്ച് കരുതേണ്ട അവസ്ഥയാണ്. മിക്ക തെരുവുവിളക്കുകളും തകരാറിലാണ്. തിരൂർ സെൻട്രൽ ജങ്ഷനിൽ പോലും തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല. ഇവിടെയുള്ള വലിയ ഹൈമാസ്റ്റ് ലൈറ്റുകൾ കത്താറില്ല. ബസ് സ്റ്റാൻഡിലെ ലോ മാസ്റ്റ് ലൈറ്റിൽ ചില ബൾബുകൾ കത്തുന്നുണ്ടെങ്കിലും ഇരുട്ട് മാറ്റാനുള്ള ശക്തി അവക്കില്ല.
പണി നടക്കുന്നതിനാൽ കുഴികൾ നിറഞ്ഞ സിറ്റി ജങ്ഷൻ -സെൻട്രൽ ജങ്ഷൻ മേൽപാലത്തിന് മുകളിലും രാത്രി വെളിച്ചമില്ല. ഇവിടെനിന്ന് തുടങ്ങുന്ന ഏഴൂർ റോഡിലും തലക്കടത്തൂർ റോഡിലുമെല്ലാം വിരലിലെണ്ണാവുന്ന തെരുവുവിളക്കുകൾ മാത്രമാണ് കത്തുന്നത്. സിറ്റി ജങ്ഷൻ, താഴേപ്പാലം, പൂങ്ങോട്ടുകുളം എന്നിവിടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ പ്രകാശിക്കുന്നുണ്ട്. എന്നാൽ, താഴെപ്പാലത്തെ പുതിയ പാലത്തിൽ വെളിച്ചമില്ല. ഇവിടെ അടുത്തിടെയാണ് പുതിയ വിളക്കുകാലുകൾ സ്ഥാപിച്ചത്.
സിറ്റി ജങ്ഷൻ മുതൽ താഴേപ്പാലം വരെ റോഡിലെ തെരുവുവിളക്കുകളിൽ പലതും കത്താത്ത സ്ഥിതിയാണ്. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന് മുന്നിലെ ലോ മാസ്റ്റ് ലൈറ്റുകൾ കത്തുന്നുണ്ടെങ്കിലും അപകട വളവുകളായ പൊറ്റത്തപ്പടിയിലും പൊലീസ് ലൈനിലും വിളക്കുകൾ പ്രകാശിക്കുന്നില്ല. അപകടസാധ്യത കൂടുതലുള്ള ഇവിടെ റോഡിന്റെ ഇരുവശത്തും ലോ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. നഗരസഭയിലെ മിക്ക വാർഡുകളിലെയും സ്ഥിതി സമാനമാണ്. പ്രധാന പാതകളിൽ ഇപ്പോൾ വ്യാപാര സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകളും വൈദ്യുത വിളക്കുകളുമാണ് വെളിച്ചം നൽകുന്നത്. കരാറുകാരനുമായി ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് കേടായ വിളക്കുകൾ ശരിയാക്കാൻ വൈകുന്നതിന് കാരണമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

