തെരുവുനായ് വന്ധ്യംകരണം: എ.ബി.സി കേന്ദ്രമില്ലാത്തത് ജില്ലയിൽ മാത്രം
text_fieldsമലപ്പുറം: ജില്ല പഞ്ചായത്ത് 2025-‘26 വാർഷിക പദ്ധതി ഗ്രാമസഭ യോഗത്തിൽ തെരുവു നായ് വന്ധ്യംകരണത്തിനുള്ള അനിമൽ ബെർത്ത് കൺട്രോൾ (എ.ബി.സി) സെന്റർ സ്ഥാപിക്കാത്തത് ജില്ലയിൽ മാത്രം. ഭൂമി ലഭ്യമല്ലാത്തതാണ് കാരണം. മറ്റു ജില്ലകളിലെല്ലാം എ.ബി.സി കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഒന്നിലധികം സെന്ററുകളുള്ള ജില്ലകളുമുണ്ട്. ജില്ലയിൽ എ.ബി.സി കേന്ദ്രം സ്ഥാപിക്കാൻ കീഴാറ്റൂർ മുതുകുർശ്ശിയിലും ചീക്കോടും മങ്കടയിലും ജില്ല ഭരണകൂടം റവന്യൂഭൂമി നിർദേശിച്ചിരുന്നെങ്കിലും തുടർനടപടി മുന്നോട്ടുനീങ്ങിയിട്ടില്ല. വിഷയം ചർച്ച ചെയ്യാൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഫെബ്രുവരി ഏഴിന് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചിട്ടുണ്ട്.
ജില്ല കലക്ടർ വി.ആർ. വിനോദും യോഗത്തിൽ പങ്കെടുക്കും. സ്ഥലങ്ങൾ തദേശഭരണവകുപ്പ് ജോയന്റ് ഡയറക്ടറും ജില്ല മൃഗസംരക്ഷണ ഓഫിസറും സംയുക്തമായി സ്ഥലം പരിശോധിച്ചിരുന്നു. എസ്റ്റേറ്റ് മേഖലയോട് ചേർന്ന റവന്യൂ മിച്ചഭൂമിയാണ് മുതുകുർശ്ശിയിലേത്. ഇവിടെ എ.ബി.സി കേന്ദ്രത്തിന് ആവശ്യമായ സ്ഥലം ലഭ്യമാണ്. ആൾപാർപ്പ് ഇല്ലാത്ത മേഖലയായതിനാൽ ജനങ്ങളുടെ എതിർപ്പ് ഉണ്ടാവില്ല.
ഉൾപ്രദേശമായിതിനാൽ റോഡ് സൗകര്യം ഒരുക്കേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥ സമിതി സമർപ്പിച്ച റിപ്പോർട്ട്. മങ്കടയിലെ രണ്ടേക്കർ റവന്യുഭൂമി നേരത്തെ പൊലീസ് സ്റ്റേഷനു നിർദേശിച്ചതാണ്. 50 സെന്റാണ് എ.ബി.സി കേന്ദ്രത്തിന് ആവശ്യം. ചൊവ്വാഴ്ച ചേർന്ന ജില്ല പഞ്ചായത്ത് 2025-’26 വാർഷിക പദ്ധതി ഗ്രാമസഭയിലും എ.ബി.സി സെന്റർ സംബന്ധിച്ച് നിർദേശമുയർന്നു. സെന്റർ ആരംഭിക്കാൻ ഭൂമി വാങ്ങുന്നതിനും കെട്ടിടം നിർമിക്കാനും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്തി പദ്ധതി തയാറാക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് ആവശ്യപ്പെട്ടു.
ഇക്കാര്യത്തിന് വിവിധ പഞ്ചായത്തുകളിൽനിന്നും നിലവിൽ വിഹിതമായി ലഭിച്ച 56 ലക്ഷം രൂപ വികേന്ദ്രീകൃതാസൂത്രണ കോഓർഡിനേഷൻ കമ്മിറ്റിയുടെ (സി.സി) അനുവാദത്തോടെ വിനിയോഗിക്കാവുന്നതാണെന്നും ജില്ല മൃഗസംരക്ഷണ ഓഫിസർ പറഞ്ഞു. സ്ഥലം ലഭ്യമായാൽ ജില്ല പഞ്ചായത്ത് എ.ബി.സി കേന്ദ്രത്തിന് കെട്ടിടമൊരുക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു.
ജില്ലയിൽ എത്ര തെരുവുനായ്, കണക്കില്ല
നാലുവർഷമായി എ.ബി.സി പദ്ധതി ഇല്ലാത്തതിനാൽ ജില്ലയിൽ തെരുവുനായ്ക്കളുടെ എണ്ണം പെരുകുകയാണ്. നായ്ക്കളുടെ കടിയേൽക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്നുണ്ട്. നിലവിൽ ജില്ലയിൽ എത്ര തെരുവുനായ്ക്കൾ ഉണ്ടെന്നുള്ള കൃത്യമായ കണക്കുപോലും ജില്ല മൃഗസംരക്ഷണ വകുപ്പിന്റെ പക്കലില്ല. തെരുവുനായ് വന്ധ്യംകരണം 2016ൽ ആരംഭിച്ചിരുന്നെങ്കിലും 2021 അവസാനത്തോടെ നിർത്തി. അഞ്ചു വർഷത്തിനിടെ 3,307 നായ്ക്കളെയാണ് വന്ധ്യംകരിച്ചത്. വന്ധ്യംകരിക്കാനുള്ള ചുമതല നേരത്തെ കുടുംബശ്രീക്ക് ആയിരുന്നെങ്കിലും വൈദഗ്ധ്യമുള്ളവരെ നിയോഗിക്കണമെന്ന് പറഞ്ഞ് ഹൈകോടതി വിലക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

