കേരളത്തിലെ ഏറ്റവും വലിയ കോവിഡ് പി.എച്ച്.സി നിർത്തുന്നു
text_fieldsതേഞ്ഞിപ്പലം: കേരളത്തിലെ ഏറ്റവും വലിയ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിെൻറ പ്രവർത്തനം നിർത്തുന്നു. കാലിക്കറ്റ് സർവകലാശാല കാമ്പസിലെ വനിതാ ഹോസ്റ്റൽ കെട്ടിടമാണ് ആരോഗ്യ വകുപ്പ് തിരികെ നൽകുന്നത്. ഒരു വർഷത്തിലേറെയായി ഇവിടെ കോവിഡ് ചികിത്സ പ്രാഥമിക കേന്ദ്രമായിരുന്നു. 12000ത്തോളം പേർ ഇതിനോടകം ഇവിടെ ചികിത്സ തേടിയിട്ടുണ്ട്.
കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങുന്നവരിൽ കോവിഡ് പോസിറ്റിവ് ആയവർ ഭൂരിഭാഗവും ചികിത്സ തേടിയത് ഇവിടെയാണ്. ഓക്സിജൻ കിടക്കകളടക്കം മൂന്ന് കെട്ടിടങ്ങളിലായി 1300ഓളം പേർക്ക് വരെ ഒരേസമയം ഇവിടെ ചികിത്സ സൗകര്യം ഉണ്ടായിരുന്നു.
കോവിഡിെൻറ മൂർധന്യാവസ്ഥയിൽ ഒരുദിവസം മുന്നൂറിലധികം പേർ വരെ പ്രവേശിക്കപ്പെട്ട ദിവസങ്ങൾ ഉണ്ട്. ആരോഗ്യ വകുപ്പ് ഏറ്റെടുത്ത മൂന്ന് കെട്ടിടങ്ങളിൽ രണ്ടെണ്ണം നേരേത്ത സർവകലാശാലക്ക് കൈമാറിയിരുന്നു. അവശേഷിച്ച എവറസ്റ്റ് ബ്ലോക്കാണ് ഇപ്പോൾ പൂർണമായും സർവകലാശാലക്ക് വിട്ടുനൽകുന്നത്. തേഞ്ഞിപ്പലം, പള്ളിക്കൽ, ചേലേമ്പ്ര എന്നിവിടങ്ങളിലെ മെഡിക്കൽ ഓഫിസർമാർ, നഴ്സുമാർ, തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ പരിധിയിലെ ട്രോമാകെയർ വളൻറിയർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ഡാറ്റ എൻട്രി ഓപറേറ്റർമാർ എന്നിങ്ങനെ നിരവധി പേരാണ് ഇവിടെ സേവനം അനുഷ്ഠിച്ചിരുന്നത്. പള്ളിക്കൽ പഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകരാണ് രോഗികൾക്ക് വേണ്ട ഭക്ഷണം എത്തിച്ചു നൽകിയിരുന്നത്.