സംസ്ഥാന സ്കൂൾ കായികമേള; കൗമാര കിരീടം പിടിക്കാൻ മലപ്പുറം സ്ക്വാഡ്
text_fieldsകടകശ്ശേരി ഐഡിയൽ സ്കൂളിലെ താരങ്ങൾ പരിശീലനത്തിൽ
മലപ്പുറം: കേരളത്തിന്റെ കായിക കൗമാര ചാമ്പ്യൻപട്ടം നിലനിർത്താൻ മലപ്പുറം സ്ക്വാഡ് റെഡി. പാലക്കാട് ചാത്തന്നൂരിൽ നടന്ന അത്ലറ്റിക്സിലെ പൊൻതാരങ്ങളും ഗെയിംസ് ടീമും തലസ്ഥാന നഗരിയിലേക്ക് ഇന്നുമുതൽ ഒഴുകിയെത്തും. അത്ലറ്റിക്സിലെ കിരീടം നിലനിർത്തുകയെന്ന ലക്ഷ്യവുമായാണ് മലപ്പുറം ടീം സംസ്ഥാന സ്കൂൾ കായികമേളക്കെത്തുന്നത്.
ഗെയിംസ്, നീന്തൽ, അത്ലറ്റിക്സ് എന്നീ വിഭാഗങ്ങളിലെ മത്സരങ്ങൾക്കായി രണ്ടായിരത്തോളം താരങ്ങളാണ് തിരുവനന്തപുരത്തേക്ക് എത്തുന്നത്. അത്ലറ്റിക്സിൽ 300 താരങ്ങളും നീന്തലിൽ 200 പേരും ഗെയിംസിൽ 1400 പേരും ഇൻക്ലൂസീവ് ഗെയിംസിൽ 200 താരങ്ങളും പങ്കെടുക്കും. ഈ വർഷം നേരത്തെ പൂർത്തിയായ സീനിയർ ആൺകുട്ടികളുടെ ഫുട്ബാളിൽ മലപ്പുറം സ്വർണം നേടിയിട്ടുണ്ട്. സീനിയർ ആൺകുട്ടികളുടെ ബാസ്ക്കറ്റ്ബാൾ, സോഫ്റ്റ് ബാൾ എന്നിവയിൽ വെള്ളിയുമുണ്ട്. സബ്ജൂനിയർ, ജൂനിയർ ചെസിലും സ്വർണം നേടി.
ഫുട്ബാളിലെ മറ്റു വിഭാഗങ്ങളിലും ഖൊ ഖൊ എന്നിവയിലും ജില്ലക്ക് മെഡൽ പ്രതീക്ഷയുണ്ട്. അത്ലറ്റിക്സിൽ കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ്, തിരുനാവായ നവാമുകുന്ദ എച്ച്.എസ്.എസ്, ആലത്തിയൂർ കെ.എച്ച്.എം .എച്ച്.എസ്.എസ് എന്നീ സ്കൂളുകളാണ് ജില്ലയുടെ പ്രതീക്ഷ. കഴിഞ്ഞതവണ സ്കൂൾ ചാമ്പ്യൻഷിപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടിയത് ഐഡിയലും നവാമുകുന്ദയുമാണ്.
സ്പീഡ് ട്രാക്കിൽ നാവാമുകുന്ദ കുതിക്കും
അതിവേഗ ഓട്ടത്തിൽ നാവാമുകുന്ദയിലാണ് ജില്ലയുടെ പ്രതീക്ഷ. ദേശീയനിലവാരത്തിൽ മത്സരിക്കുന്ന ഒരുപിടി താരങ്ങളാണ് നാവാമുകുന്ദയുടെ കരുത്ത്. സീനിയർ വിഭാഗം പെൺകുട്ടികളിൽ 100, 200, 100 മീറ്റർ ഹർഡിൽസ് എന്നിവയിൽ സ്വർണം നേടിയ ആദിത്യ അജി സംസ്ഥാന മീറ്റിലും മികവ് തുടരുമെന്നുറപ്പാണ്. ഒരാഴ്ച മുമ്പ് ഭുവനേശ്വറിൽ നടന്ന ദേശീയ മീറ്റിൽ ഹർഡിൽസിൽ ആദിത്യ അജി വെള്ളി നേടിയിരുന്നു.
അതിന് പിന്നാലെയാണ് ജില്ല സ്കൂൾ കായികമേളയിൽ മൂന്ന് സ്വർണം നേടി താരമായത്. സീനിയർ വിഭാഗം ആൺകുട്ടികളിൽ 100 മീറ്ററിലും 200 മീറ്ററിലും 110 മീറ്റർ ഹർഡിൽസിലും നാവാമുകുന്ദയുടെ ഫസലുൽ ഹഖാണ് സ്വർണജേതാവ്. സീനിയർ ആൺകുട്ടികളുടെ വ്യക്തികത ചാമ്പ്യനും ഫസലുൽ ഹഖാണ്. ജൂനിയർ പെൺകുട്ടികളിൽ കെ.പി. ശ്രീനന്ദ 100 മീറ്റർ ഹർഡിൽസിലും 200 മീറ്റിറിലും സ്വർണം നേടി തലസ്ഥാനത്തേക്ക് വരുന്നുണ്ട്. സബ്ജൂനിയർ ആൺകുട്ടികളിൽ 100, 200, 400 മീറ്ററുകളിൽ സ്വർണം നേടിയ നീരജും നാവാമുകുന്ദക്കൊപ്പം മലപ്പുറത്തിന്റെ പ്രതീക്ഷകൾക്ക് കരുത്തു പകരും.
ഞമ്മള് പവറാണ്...
അത്ലറ്റിക്സിൽ നിലവിലെ ചാമ്പ്യൻമാരായ മലപ്പുറം ഇക്കുറിയും മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ്. കരുത്തരായ പാലക്കാട് വെല്ലുവിളി ഉയർത്തുമെങ്കിലും പവർഫുള്ളായ ഐഡിയലും നാവാമുകുന്ദയും ആലത്തിയൂരും മൂർക്കനാടും മലപ്പുറത്തിന്റെ അഭിമാനം കാക്കാൻ റെഡിയാണ്.
ഗ്ലാമർ ഇനങ്ങളിൽ ശക്തമായ മുന്നേറ്റം നടത്താനുള്ള താരനിര മലപ്പുറത്തിനൊപ്പമുണ്ട്. ഐഡിയൽ കടകശ്ശേരിക്കൊപ്പം ഇത്തവണ 50ഓളം താരങ്ങളാണ് സംസ്ഥാന മീറ്റിൽ പങ്കെടുക്കുന്നത്. നവാമുകുന്ദയിൽനിന്ന് 25 പേരും ആലത്തിയൂരിൽനിന്ന് 16 താരങ്ങളും ജില്ലക്ക് കരുത്തേവാൻ യാത്രതിരിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിലായി താരങ്ങൾ തിരുവനന്തപുരത്ത് എത്തും. ത്രോ ഇനങ്ങളിലും ദീർഘ ദൂര ഓട്ടങ്ങളിലും ആലത്തിയൂരിലാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

