നിറശോഭയിൽ കണ്ണൻമാർ
text_fieldsശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ചെമ്മണിയോട്
നടന്ന ശോഭായാത്ര
മലപ്പുറം: മഞ്ഞപ്പട്ടും മയിൽപ്പീലിയും ഓടക്കുഴലുമായി ഉണ്ണിക്കണ്ണന്മാരും ഗോപികമാരും ശ്രീകൃഷ്ണ ജയന്തിദിനത്തിൽ നിരത്തുകൾ വർണാഭമാക്കി. പുണ്യ പുരാണങ്ങളിലെ നിശ്ചലദൃശ്യങ്ങളും ഗോപികനൃത്തവും ശോഭായാത്രക്ക് മികവാർന്നു. ജയന്തിയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളുമുണ്ടായിരുന്നു. പുലർച്ച മുതൽ ക്ഷേത്രങ്ങളിലെല്ലാം വലിയതിരക്കാണ് അനുഭവപ്പെട്ടത്. ബാലഗോകുലം മലപ്പുറം നഗരത്തിന്റെ നേതൃത്വത്തിലാണ് കുന്നുമ്മലിൽ മഹാശോഭായാത്ര നടന്നത്. ശ്രീ ത്രിപുരാന്തക ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച മഹാശോഭായാത്ര കോട്ടപ്പടി മണ്ണൂർ ശിവക്ഷേത്രത്തിലാണ് സമാപിച്ചത്. മുണ്ടുപറമ്പ്, ചെറാട്ടുകുഴി, കാളന്തട്ട, താമരക്കുഴി, കൈനോട്, മങ്ങാട്ടുപുലം, പൈത്തിനിപറമ്പ്, കരിങ്കാളികാവ്, കൂട്ടിലങ്ങാടി, കാവുങ്ങൽ, പെരിങ്ങോട്ടുപുലം, മുണ്ടക്കോട്, പൊന്മള, നമ്പീശൻ കോളനി, ഡി.പി റോഡ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള ശോഭായാത്രകൾ മലപ്പുറത്ത് അണിനിരന്നു. കണ്ണന്മാർ, രാധമാർ, ഗോപികമാർ, ഭജനസംഘം, തേര് തുടങ്ങിയവ മഹാശോഭായാത്രയായി മലപ്പുറം നഗരവും ചുറ്റി.
കീഴാറ്റൂർ: പൂന്താനം മഹാവിഷ്ണു-കൃഷ്ണ ക്ഷേത്രത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.
പുലര്‍ച്ച ഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് മലര്‍നിവേദ്യം, ഉഷപൂജ, നവഗം, പഞ്ചഗവ്യം, കാഴ്ചശീവേലി, ഉച്ചപൂജ, പ്രസാദഊട്ട് എന്നിവ നടന്നു. വൈകീട്ട് ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഇല്ലത്തേക്ക് നടന്ന എഴുന്നള്ളത്തില്‍ ഒട്ടേറെ ഭക്തര്‍ പങ്കാളികളായി. തുടര്‍ന്ന് തായമ്പക, കൊമ്പുപറ്റ്, കുഴല്‍പറ്റ്, അത്താഴപൂജ എന്നിവയും ഉണ്ടായി. ക്ഷേത്രം തന്ത്രി മൂത്തേടത്ത് മന നാരായണന് നമ്പൂതിരി, ശാന്തി കണ്ണന് എമ്പ്രാന്തിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ദേവസ്വം ഇന്‍സ്പെക്ടര്‍ അബിന്‍, ജീവനക്കാരന് ദേവദാസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
ചെറുകര: ശ്രീ പള്ളിത്തൊടി ഭഗവതി ക്ഷേത്ര സന്നിധിയിൽനിന്നും ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മഹാശോഭായാത്രയിൽ കൃഷ്ണനാമജപങ്ങളുമായി അമ്പാടിക്കണ്ണൻമാരും ഗോപികമാരും അണിനിരന്നു.
മേലാറ്റൂർ: ഞാറകുളങ്ങര വിഷ്ണു ക്ഷേത്രസന്നിധിയിൽനിന്ന് ആരംഭിച്ച മഹാശോഭായാത്ര പടിഞ്ഞാറക്കര അയ്യപ്പക്ഷേത്രം വലം വെച്ച് മേലാറ്റൂർ ആറ്റുതൃക്കോവിൽ ശിവക്ഷേത്രത്തിൽ സമാപിച്ചു.
ചെമ്മാണിയോട് തൊട്ടക്കടവ് അയ്യപ്പക്ഷേത്ര സന്നിധിയിൽനിന്ന് ആരംഭിച്ച മഹാശോഭായാത്ര പഴേടത്ത് വിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു.
എടയാറ്റൂർ പാഞ്ചജന്യം, യദുകുലം ബാലഗോകുലത്തിന്റെ സംയുക്ത ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം നടത്തി. എടയാറ്റൂർ അടിവാരത്തുനിന്ന് ആരംഭിച്ച മഹാശോഭായാത്ര എടയാറ്റൂർ തൊണ്ണംകടവ് പാലത്തിന് സമീപത്തെ ഗ്രൗണ്ടിൽ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

